ഇരിയ മണ്ടേങ്ങാനത്ത് മരം പൊട്ടിവീണ് ട്രാന്‍സ് ഫോര്‍മറും പോസ്റ്റുകളും തകര്‍ന്നു; വൈദ്യുതി വിതരണം പൂര്‍ണ്ണമായും നിലച്ചു

ഇരുട്ടിലായത് നൂറോളം വീട്ടുകാര്‍

കാഞ്ഞങ്ങാട്: ഇരിയ മണ്ടേങ്ങാനത്ത് മരം പൊട്ടി വീണ് ട്രാന്‍സ് ഫോര്‍മര്‍ തകര്‍ന്നു. ഏഴ് പോസ്റ്റുകളും തകര്‍ന്നു. ഞായറാഴ്ചയാണ് സംഭവം. ട്രാന്‍സ് ഫോര്‍മറും പോസ്റ്റുകളും തകര്‍ന്നതോടെ പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ അപകടാവസ്ഥയിലായ മരം നേരത്തെ തന്നെ മുറിക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഉടമ ഇതിന് തയാറായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കെ.എസ്.ഇ.ബി അധികൃതര്‍ ഒരു കൊമ്പ് മാത്രം മുറിച്ചു നീക്കുകയും ചെയ്തു. ഈ മരമാണ് നിലംപൊത്തിയത്. മണ്ടേങ്ങാനം, ബാലൂര്‍ പ്രദേശത്തെ നൂറോളം വീട്ടുകാരാണ് ഇതോടെ ഇരുട്ടിലായത്. വൈദ്യുതി വിതരണം പുന:സ്ഥാപിക്കാന്‍ രണ്ടു ദിവസമെടുക്കുമെന്നാണ് അറിയുന്നത്.

Related Articles
Next Story
Share it