കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയെ വധിക്കുമെന്ന് സിവില്‍ പൊലീസ് ഓഫീസറുടെ ഭീഷണി സന്ദേശം
പൊലീസ് കണ്‍ട്രോള്‍ വിഭാഗത്തിലെ വാട് സ് ആപ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം വന്നത്.

കാഞ്ഞങ്ങാട്: ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിനെ വധിക്കുമെന്ന് സിവില്‍ പൊലീസ് ഓഫിസറുടെ ഭീഷണി സന്ദേശം. കാഞ്ഞങ്ങാട് പൊലീസ് കണ്‍ട്രോള്‍ വിഭാഗത്തിലെ സിവില്‍ പൊലീസ് ഓഫീസര്‍ സനൂപ് ജോണ്‍ ആണ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിനെതിരെ ഭീഷണി സന്ദേശം അയച്ചത്.
പൊലീസ് കണ്‍ട്രോള്‍ വിഭാഗത്തിലെ വാട് സ് ആപ് ഗ്രൂപ്പിലാണ് സനൂപിന്റെ ഭീഷണി സന്ദേശം വന്നത്. എന്നെ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നതെന്നും ഞാന്‍ പോകുന്നുണ്ടെങ്കില്‍ ഡി.വൈ.എസ്.പി യെ കൊന്നിട്ടേ പോകുകയുള്ളൂവെന്നും സിവില്‍ പൊലീസ് ഓഫിസറുടെ ശബ്ദസന്ദേശത്തില്‍ പറയുന്നു.
സനൂപ് ജോണ്‍ മുന്നറിയിപ്പില്ലാതെ അവധിയെടുത്തതിനെ തുടര്‍ന്ന് താക്കീതെന്ന നിലയില്‍ കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിലും കോട്ടച്ചേരി ട്രാഫിക്കിലും ഡി.വൈ.എസ്.പി അധികചുമതല നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് സനൂപ് ഭീഷണി സന്ദേശം വാട് സ് ആപ് ഗ്രൂപ്പിലിട്ടത്. ചിറ്റാരിക്കാല്‍ സ്വദേശിയായ സനൂപ് ജോണ്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം ക്വാര്‍ട്ടേര്‍സിലാണ് താമസം.
മദ്യത്തിന് അടിമയായ സനൂപിനെ സഹപ്രവര്‍ത്തകര്‍ ഇടപെട്ട് ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും തിരിച്ചെത്തിയ ഉടന്‍ മദ്യപാനം തുടരുകയും ഡ്യൂട്ടിയില്‍ നിന്ന് മുന്നറിയിപ്പില്ലാതെ മുങ്ങുകയും ചെയ്തിരുന്നു. ഒരാഴ്ചയോളമായി സ്റ്റേഷനില്‍ ഹാജരാകാതിരുന്നതിനാലാണ് ഡി.വൈ.എസ്.പി സനൂപിന് അധിക ചുമതല നല്‍കിയതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.