പാണത്തൂരില്‍ തെരുവ് നായയുടെ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്ക്

ഒരു സ്ത്രീയുടെ രണ്ടു കൈ വിരലുകള്‍ നായ കടിച്ചെടുത്തു, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ആഴത്തില്‍ മുറിവേറ്റു

കാഞ്ഞങ്ങാട്: പാണത്തൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പാണത്തൂര്‍ കമ്പിക്കാനത്തെ അഷ് റഫിന്റെ മകന്‍ റെസ് മില്‍ (മൂന്നര ), പാണത്തൂര്‍ പള്ളിക്കാലിലെ റസ് യാന്‍ (മൂന്നര), പാണത്തൂര്‍ മാവുങ്കാലിലെ ശാന്ത (56), പാണത്തൂര്‍ ബാപ്പും കയത്തെ സോമന്‍ (70), മറ്റൊരു സ്ത്രീ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

ഞായറാഴ്ച രാവിലെയാണ് സ്ഥലത്ത് പരക്കെ നായയുടെ ആക്രമണം നടന്നത്. ശാന്ത പാണത്തൂര്‍ മഖാം ഉറൂസിന് പോകുമ്പോഴാണ് നായ ആക്രമിച്ചത്. ശാന്തയുടെ രണ്ടു കൈ വിരലുകള്‍ നായ കടിച്ചെടുത്തു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ആഴത്തില്‍ മുറിവേറ്റു. ശാന്തയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് റെസ് മിലിനും റസ് യാനും നായയുടെ കടിയേറ്റത്. റെസ് മിലിന്റെ ഇടത് ചുമലിനും റസ് യാന്റെ ചുണ്ടിനും കവിളിനും നെഞ്ചിനും സാരമായി മുറിവേറ്റു. കുട്ടികള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സോമനെയും മറ്റൊരു സ്ത്രീയെയും പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.

Related Articles
Next Story
Share it