വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ മൂന്ന് പ്രതികളുടെ റിമാണ്ട് നീട്ടി; ഗള്‍ഫ് മലയാളികളടക്കം കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം
ചോദ്യം ചെയ്യലില്‍ മലപ്പുറം കേന്ദ്രമാക്കിയുള്ള തട്ടിപ്പ് സംഘം കാഞ്ഞങ്ങാട്ടെ വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തില്‍ പ്രധാന പങ്കാളികളാണെന്ന് തെളിഞ്ഞു

കാഞ്ഞങ്ങാട്: പുതിയ കോട്ടയിലെ നെറ്റ് ഫോര്‍ യു സ്ഥാപനം കേന്ദ്രീകരിച്ച് വിവിധ സര്‍വകലാശാലകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് പ്രതികളെയും വീണ്ടും കോടതിയില്‍ ഹാജരാക്കി.
നെറ്റ് ഫോര്‍ യു സ്ഥാപന ഉടമ സന്തോഷ് കുമാര്‍, മുഴക്കോത്തെ രവീന്ദ്രന്‍, ഹൊസ് ദുര്‍ഗ് കടപ്പുറത്തെ ശിഹാബ് എന്നിവരെയാണ് ഹൊസ് ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാര്‍ പുതിയ കോട്ടയിലെ സ്ഥാപനത്തിലേക്കും പ്രതികളുടെ വീടുകളിലേക്കും കൊണ്ടുപോയി തെളിവെടുത്ത ശേഷം ബുധനാഴ്ച വൈകിട്ടോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്.
പ്രതികളുടെ റിമാണ്ട് കോടതി നീട്ടി. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ കൂടുതല്‍ വ്യാജസര്‍ട്ടിഫിക്കറ്റുകളും എത്തിയത് ഗള്‍ഫ് രാജ്യങ്ങളിലേക്കാണെന്ന് വ്യക്തമായി. അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത കമ്പ്യൂട്ടര്‍, ലാപ് ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക്ക് തുടങ്ങിയവ തുറന്ന് അതിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഓരോന്നുമെടുത്താണ് ചോദ്യം ചെയ്തത്.
മലപ്പുറം കേന്ദ്രമാക്കിയുള്ള തട്ടിപ്പ് സംഘം കാഞ്ഞങ്ങാട്ടെ വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തില്‍ പ്രധാന പങ്കാളികളാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. പ്രവാസികള്‍ അടക്കമുള്ള മലപ്പുറത്തെ സംഘം ഓര്‍ഡര്‍ നല്‍കുന്നതിനനുസരിച്ചാണ് കാഞ്ഞങ്ങാട്ടുനിന്ന് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചുനില്‍കിയിരുന്നത്. പല സ്ഥലങ്ങളിലും തട്ടിപ്പുകള്‍ക്ക് ഇടനിലക്കാരുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
മലപ്പുറത്തെ സംഘത്തിന് പുറമെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു, ചെന്നൈ, മുംബൈ, ദുബായ് എന്നിവിടങ്ങളില്‍ ഇടനിലക്കാരുണ്ടെന്നുള്ള വിവരവും ലഭിച്ചു. പൊലീസിന്റെ രഹസ്യനിരീക്ഷണത്തിനൊടുവില്‍ മൂന്നാഴ്ച മുമ്പാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നിര്‍ദേശപ്രകാരം ഹൊസ് ദുര്‍ഗ് എസ്.ഐ.ടി അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത്.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളുടെ ബിരുദ-ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍, കേരളത്തിലെയും കര്‍ണാടകയിലെയും ആര്‍.ടി ഓഫീസുകളുടെ പേരിലുള്ള ലൈസന്‍സുകള്‍, എസ്.എസ്.എല്‍.സി ബുക്കുകള്‍, എം.ബി.ബി.എസ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ് പോര്‍ട്ടുകള്‍, ആധാര്‍ കാര്‍ഡുകള്‍, സീലുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.
ഇവയെല്ലാം വ്യാജമായി നിര്‍മ്മിച്ചതായിരുന്നു. ആയിരത്തിലധികം വ്യാജസര്‍ട്ടിഫിക്കറ്റുകളാണ് സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തത്.