'മിസ് കേരള' എന്ന സംരക്ഷിത വിഭാഗത്തിലുള്‍പ്പെട്ട മത്സ്യത്തെ പിടികൂടി; 4 പേര്‍ അറസ്റ്റില്‍

പ്രതികളെ ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു.

കാഞ്ഞങ്ങാട്: സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെട്ട വംശനാശ ഭീഷണി നേരിടുന്ന മത്സ്യത്തെ പിടികൂടിയ സംഭവത്തില്‍ നാല് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. പാണത്തൂര്‍ മഞ്ഞടുക്കം പുഴയില്‍ നിന്ന് മിസ് കേരളയെന്ന മീന്‍ ഉള്‍പ്പെടെയുള്ള പുഴ മീനുകളെയാണ് ഇവര്‍ പിടിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തോട്ട ഉപയോഗിച്ചായിരുന്നു മത്സ്യ വേട്ട.

സംഭവവുമായി ബന്ധപ്പെട്ട് പാണത്തൂര്‍ കരിക്കെ തോട്ടത്തില്‍ യൂനസ്( 36 ), നിയാസ്(29), പാണത്തൂര്‍ സതീഷ്(36), ബാപ്പുങ്കയത്തെ അനീഷ്(38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു.

വനപാലകരുടെ ബീറ്റ് സന്ദര്‍ശനത്തിനിടെയാണ് മത്സ്യ വേട്ട ശ്രദ്ധയില്‍പ്പെട്ടത്. 13 മത്സ്യങ്ങളെ ഇവരുടെ കൈയ്യില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി ശേഷപ്പ, ബീറ്റ് ഓഫീസര്‍മാരായ വി.വി. വിനീത്, ജി.എഫ്. പ്രവീണ്‍ കുമാര്‍, എം.എസ്. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

Related Articles
Next Story
Share it