പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
പ്രത്യേക മെഡിക്കല്‍ ടീം രൂപീകരിച്ച് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമായത്.

കാഞ്ഞങ്ങാട്: സ്വകാര്യാസ്പത്രിയില്‍ പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാഴക്കോട് ശിവജി നഗറിലെ എം സീതാകുമാരി(42)യാണ് ഇക്കഴിഞ്ഞ ശനിയാഴ്ച കിഴക്കുംകര കുശവന്‍ കുന്നിലെ സ്വകാര്യാസ്പത്രിയില്‍ പ്രസവചികിത്സയ്ക്കിടെ മരിച്ചത്.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരുന്നു. പ്രത്യേക മെഡിക്കല്‍ ടീം രൂപീകരിച്ച് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമായത്.
സീതാകുമാരിയുടെ കുഞ്ഞിനെ നേരത്തെ സ്വകാര്യ ആസ്പത്രിയില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. കുഞ്ഞ് ആശുപത്രിയില്‍ നഴ്സുമാരുടെ പരിചരണത്തിലാണ്. സീതാകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഹൊസ് ദുര്‍ഗ് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിരുന്നു.