കുട്ടികളുടെ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കാന്‍ സ്‌കൂളുകളില്‍ പരാതിപ്പെട്ടിയുമായി പൊലീസ്
പെട്ടിയിലെ പരാതികളില്‍ പൊലീസായിരിക്കും നടപടി സ്വീകരിക്കുക

കാഞ്ഞങ്ങാട്: അധ്യയന വര്‍ഷം ആരംഭിച്ചതോടെ കുട്ടികളുടെ പരാതികളും പ്രശ്നങ്ങളും നേരിട്ടറിയാന്‍ സ്‌കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിച്ച് ജനമൈത്രി പൊലീസ്. കുട്ടികളുടെ വ്യക്തിപരവും അല്ലാത്തതുമായ പരാതികള്‍ അറിയുക എന്ന ലക്ഷ്യത്തോടെയാണ് ജനമൈത്രി പൊലീസ് ഈ സംവിധാനവുമായി രംഗത്തെത്തിയത്.
സ്‌കൂളുകളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളില്‍ പൊലീസായിരിക്കും നടപടി സ്വീകരിക്കുക. ഓരോ സ്‌കൂളിലും സ്ഥലത്തെ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് ചുമതല നല്‍കും. പരാതിപ്പെട്ടികളില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ ഓരോ മാസവും സ്‌കൂള്‍ തലവന്റെ സാന്നിധ്യത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരിശോധിച്ച് പരാതികളില്‍ നടപടി സ്വീകരിക്കും.
സ്‌കൂള്‍ തുറക്കുന്ന സമയത്ത് ആഴ്ചയില്‍ ഒരു തവണയും പിന്നീട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാസത്തില്‍ ഒരു തവണ വീതവും പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. സ്‌കൂളില്‍ പരിഹരിക്കേണ്ട പരാതികള്‍ അവിടെ വച്ചുതന്നെ പരിഹരിക്കും. ഗൗരവമായ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവര്‍ക്ക് കൈമാറും.