പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ചട്ടിയും കല്ലുമെറിഞ്ഞ് പരിക്കേല്‍പ്പിച്ചു; രണ്ടുപേര്‍ കസ്റ്റഡിയില്‍

രാജപുരം പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇന്‍സ്പെക്ടര്‍ മോന്‍സി പി വര്‍ഗീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണുണ്ടായത്.

കാഞ്ഞങ്ങാട്: വീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി ഇ.ആര്‍.എസ്.എസ് വഴി ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ചട്ടിയും കല്ലുമെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. ജീപ്പിനും വയര്‍ലെസ് സെറ്റിനും കേടുപാടുകള്‍ വരുത്തി. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പനത്തടി ചാമുണ്ഡിക്കുന്നിലാണ് സംഭവം. രാജപുരം പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇന്‍സ്പെക്ടര്‍ മോന്‍സി പി വര്‍ഗീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് ചാമുണ്ഡിക്കുന്ന് ശിവപുരത്തെ പ്രമോദ്, സഹോദരന്‍ പ്രദീപ് എന്നിവര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥര്‍ അടിയന്തര സന്ദേശം ലഭിച്ചാണ് ശിവപുരത്തെത്തിയത്.

പൊലീസ് ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ പ്രകോപിതനായ പ്രമോദ് അവിടെയുണ്ടായിരുന്ന ചട്ടിയെടുത്ത് പൊലീസിന് നേരെ എറിയുകയായിരുന്നു. പിന്നാലെ കല്ലേറും തുടങ്ങി. കല്ലേറില്‍ എ.എസ്.ഐ മോന്‍സിക്ക് കാലിന് പരിക്കേറ്റു. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയേയും പ്രായമായ അമ്മയെയും മക്കളെയും ശല്യം ചെയ്യുന്നതിനെ തുടര്‍ന്നാണ് പൊലീസിലേക്ക് ഫോണ്‍ വന്നത്.

വീട്ടുകാരെ ആക്രമിക്കാന്‍ തുനിഞ്ഞ പ്രമോദിനെ പിടിച്ചുനീക്കുന്നതിനിടെ നിലത്തുവീണ് ഉരുളുകയും ചെയ്തു. കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാനായി പൊലീസ് സംഘം അല്പം മാറി നിന്നപ്പോള്‍ പിന്നാലെ പോയി കല്ലെറിയുകയും പൊലീസ് ജീപ്പിന്റെ ഒരു ഭാഗത്തെ കണ്ണാടി നശിപ്പിക്കുകയും വയര്‍ലെസ് സെറ്റിന്റെ ആന്റിന വലിച്ച് പൊട്ടിക്കുകയും ചെയ്തുവെന്നും സംഘം ആരോപിച്ചു. പ്രമോദിനൊപ്പം സഹോദരന്‍ പ്രദീപും പൊലീസിനെ ആക്രമിക്കാനുണ്ടായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിത്ത് ജോസഫ്, കെ വി നിതിന്‍, ശശികുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റു.

Related Articles
Next Story
Share it