മടിക്കൈ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി

ബല്ലാ കടപ്പുറത്തെ അബ്ദുള്‍ നാസറിന്റെ മകന്‍ മുഹമ്മദ് ഷാനിദിനാണ് അക്രമത്തില്‍ പരിക്കേറ്റത്

കാഞ്ഞങ്ങാട്: മടിക്കൈ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ബല്ലാ കടപ്പുറത്തെ അബ്ദുള്‍ നാസറിന്റെ മകന്‍ മുഹമ്മദ് ഷാനിദിനാണ്(16) അക്രമത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 3.30 മണിയോടെ സ്‌കൂളില്‍ വച്ചാണ് അക്രമം നടന്നത്. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതിന്റെ പേരില്‍ ഷാനിദിന്റെ സുഹൃത്തിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചിരുന്നു. മര്‍ദനം തടയുമ്പോഴാണ് ഷാനിദ് അക്രമത്തിനിരയായത്.

ഷാനിദിനെ നടവഴിയില്‍ നിന്ന് തള്ളി താഴെയിട്ടശേഷം 15 ഓളം വരുന്ന വിദ്യാര്‍ഥികള്‍ നിലത്തിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. അബോധാവസ്ഥയിലായ വിദ്യാര്‍ഥിയെ അധ്യാപകര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it