മുന്‍കൂട്ടി വിവരമറിയിക്കാതെ പഞ്ചായത്ത് ഭരണസമിതി യോഗം വിളിച്ചു; പ്രതിപക്ഷാംഗങ്ങള്‍ ബഹിഷ്‌കരിച്ചു
ചട്ട വിരുദ്ധമായി വിളിച്ചുചേര്‍ത്ത ഭരണ സമിതി യോഗവും തീരുമാനങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം എന്‍. വിന്‍സന്റ് പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി

കാഞ്ഞങ്ങാട്: മുന്‍കൂട്ടി വിവരമറിയിക്കാതെ പഞ്ചായത്ത് ഭരണസമിതി യോഗം വിളിച്ചതായി പരാതി. പനത്തടി പഞ്ചായത്ത് ഭരണസമിതി യോഗമാണ് അംഗങ്ങളെ യഥാസമയത്ത് അറിയിക്കാതെ വിളിച്ചുചേര്‍ത്തതായി ആക്ഷേപമുയര്‍ന്നത്.
ചട്ട വിരുദ്ധമായി വിളിച്ചുചേര്‍ത്ത ഭരണ സമിതി യോഗവും തീരുമാനങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം എന്‍. വിന്‍സന്റ് പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. പ്രതിഷേധിച്ച് നാല് പ്രതിപക്ഷ അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചു. അതേസമയം കോണ്‍ഗ്രസ് പനത്തടി മണ്ഡലം പ്രസിഡണ്ട് കൂടിയായ അംഗം കെ.ജെ ജയിംസ് യോഗത്തില്‍ പങ്കെടുത്തത് ചര്‍ച്ചയായി. കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളാണുള്ളത്. ഇവരില്‍ രണ്ടുപേര്‍ യോഗത്തില്‍ പങ്കെടുത്തില്ല.
രണ്ട് ബി.ജെ.പി അംഗങ്ങളും വിട്ടുനിന്നു. കഴിഞ്ഞ ദിവസത്തെ സാധാരണ ഭരണസമിതി യോഗത്തിന്റെ അറിയിപ്പ് അംഗങ്ങള്‍ക്ക് നല്‍കിയത് തലേദിവസം വൈകിട്ടാണ്. സാധാരണയായി യോഗങ്ങളുടെ അറിയിപ്പ് മൂന്ന് ദിവസങ്ങള്‍ക്കു മുമ്പെങ്കിലും ജനപ്രതിനിധികളെ അറിയിക്കണമെന്നാണ് ചട്ടം.
ഇതേ ദിവസം ജനപ്രതിനിധികള്‍ ഏറ്റെടുത്ത ഉന്നത യോഗങ്ങളടക്കം നടക്കുമ്പോഴാണ് പ്രസിഡണ്ട് ഏകപക്ഷീയമായി യോഗം വിളിച്ചുചേര്‍ത്തതെന്നാണ് ആക്ഷേപം. പ്രതിപക്ഷാംഗങ്ങളായ എന്‍. വിന്‍സെന്റ്, രാധ സുകുമാരന്‍ (കോണ്‍ഗ്രസ്), കെ.കെ. വേണുഗോപാല്‍, കെ.എസ് പ്രീതി ( ബി.ജെ.പി) എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.
അതേസമയം ഈ ദിവസം നേരത്തെ ഏറ്റെടുത്ത പരിപാടികള്‍ ഉള്ളതുകൊണ്ടാണ് എത്താന്‍ കഴിയാതിരുന്നതെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ ഭരണസമിതി യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കൂടിയായ അംഗം കെ.ജെ ജയിംസ് പറഞ്ഞു.