കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയി; 8 വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍
തമിഴ് നാട് നീലഗിരി സ്വദേശി പാര്‍ഥിപന്‍ എന്ന രമേശിനെയാണ് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസിട്രേറ്റ്(രണ്ട്) കോടതി റിമാണ്ട് ചെയ്തത്

കാഞ്ഞങ്ങാട്: നീലേശ്വരം കരിന്തളത്തെ പി.വി ചിണ്ടനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുന്നതിനിടെ എട്ടുവര്‍ഷത്തിന് ശേഷം കോയമ്പത്തൂരില്‍ നിന്നും പിടിയിലായ തമിഴ് നാട് സ്വദേശിയെ കോടതിയില്‍ ഹാജരാക്കി. തമിഴ് നാട് നീലഗിരി സ്വദേശി പാര്‍ഥിപന്‍ എന്ന രമേശിനെ(26)യാണ് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസിട്രേറ്റ്(രണ്ട്) കോടതിയില്‍ ഹാജരാക്കിയത്.
രമേശിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. 2018 ഫെബ്രുവരി 24നാണ് ചിണ്ടന്‍ കൊലചെയ്യപ്പെട്ടത്. കരിന്തളം കരിമ്പില്‍ തറവാട്ടിലെ കാര്യസ്ഥനായിരുന്ന ചൂരപ്പടവിലെ ചിണ്ടനെ കരിമ്പില്‍ എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്ന പാര്‍ഥിപന്‍ കവര്‍ച്ച നടത്തുകയെന്ന ഉദ്ദേശ്യത്തൊടെ കൊലപ്പെടുത്തിയെന്നാണ് കേസ്. കരിമ്പില്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് കൂലി നല്‍കിയിരുന്നത് ചിണ്ടനായിരുന്നു.
ശനിയാഴ്ച ദിവസം തൊഴിലാളികള്‍ക്ക് കൂലിയായി നല്‍കേണ്ട ലക്ഷക്കണക്കിന് രൂപ ചിണ്ടന്റെ കൈവശമുണ്ടാകുമെന്ന് കരുതി പാര്‍ഥിപന്‍ ചിണ്ടനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്ന് തന്നെ അറസ്റ്റിലായ പാര്‍ഥിപന്‍ റിമാണ്ടിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയാണുണ്ടായത്.
തമിഴ് നാട്ടിലേക്ക് കടന്ന പാര്‍ഥിപന്‍ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. കോയമ്പത്തൂരിലെത്തിയ പൊലീസ് സംഘം ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പാര്‍ഥിപനെ പിടികൂടിയത്.