പാലക്കുന്ന് തിരുവക്കോളി സ്വദേശി ഹൃദയാഘാതം മൂലം കപ്പലില്‍ അന്തരിച്ചു

മുംബൈയിലെ വില്യംസെന്‍ കമ്പനിയില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രശാന്തിന്റെ ഭാര്യ ലിജിയെ വീട്ടിലെത്തി ദു:ഖ വാര്‍ത്ത അറിയിക്കുകയായിരുന്നു.

കാസര്‍കോട്: പാലക്കുന്ന് തിരുവക്കോളി സ്വദേശിയായ യുവ നാവികന്‍ കപ്പലില്‍ മരണപ്പെട്ടതായുള്ള വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചു. ഉദുമ ഉദയമംഗലം പരേതനായ കപ്പല്‍ ജീവനക്കാരന്‍ ചക്ലി കൃഷ്ണന്റെയും സരോജിനിയുടെയും മകന്‍ പാലക്കുന്നിനടുത്ത തിരുവക്കോളി അങ്കക്കളരി ഹൗസില്‍ പ്രശാന്ത്(39) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം.

മുംബൈയിലെ വില്യംസെന്‍ കമ്പനിയില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രശാന്തിന്റെ ഭാര്യ ലിജിയെ വീട്ടിലെത്തി ദു:ഖ വാര്‍ത്ത അറിയിക്കുകയായിരുന്നു. ജപ്പാനില്‍ നിന്ന് യു.എസ് പോര്‍ട്ട് ലക്ഷ്യമിട്ടുള്ള 'തൈബേക് എക് സ് പ്ലോറര്‍' എന്ന എല്‍.പി.ജി കപ്പലില്‍ യാത്രയ്ക്കിടെ നടുക്കടലിലാണ് ആകസ്മിക മരണമെന്നാണ് സൂചന.

എഞ്ചിന്‍ റൂമില്‍ മോട്ടോര്‍മാനായി ഷിഫ് റ്റ് ജോലി ചെയ്യുന്ന പ്രശാന്ത് രാവിലെ 8 മണിക്ക് ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. നവംബര്‍ ആദ്യം കപ്പലില്‍ കയറിയ പ്രശാന്ത്, കരാര്‍ വ്യവസ്ഥ അനുസരിച്ച് ഓഗസ്റ്റില്‍ അവധിയില്‍ വരാനിരിക്കെയാണ് മരണം സംഭവിച്ചത്.

കപ്പല്‍ 17ന് തീരമണിയുമ്പോള്‍ മൃതദേഹം തുറമുഖത്തെത്തിക്കും. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്നാണ് കരുതുന്നത്. മക്കള്‍: അന്‍ഷിത (കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് സ്‌കൂള്‍ നാലാം തരം വിദ്യാര്‍ത്ഥിനി), ആഷ്മിക (രണ്ടര വയസ്). സഹോദരങ്ങള്‍: പ്രദീപ് (മര്‍ച്ചന്റ് നേവി), പ്രസീത (ഖത്തര്‍).

Related Articles
Next Story
Share it