മാവുങ്കാല്‍ കല്യാണ്‍ റോഡില്‍ ദേശീയപാത സര്‍വീസ് റോഡ് തകര്‍ന്നു; ഗതാഗതം സ്തംഭിച്ചു

കല്ലും മണ്ണും ടാറിംഗും ഉള്‍പ്പെടെ മഴവെള്ളത്തില്‍ ഒലിച്ചുപോയി.

കാഞ്ഞങ്ങാട്: ശക്തമായ മഴയെ തുടര്‍ന്ന് മാവുങ്കാല്‍ കല്യാണ്‍ റോഡില്‍ ദേശീയപാത സര്‍വീസ് റോഡ് തകര്‍ന്നു. ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് ദേശീയപാത വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. രാത്രി മുതല്‍ പെയ്ത മഴയെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് കല്യാണ്‍ റോഡിലെ ക്രൈസ്റ്റ് സ്‌കൂളിന് സമീപം കിഴക്കുഭാഗത്തെ സര്‍വീസ് റോഡ് തകര്‍ന്നത്.

കല്ലും മണ്ണും ടാറിംഗും ഉള്‍പ്പെടെ മഴവെള്ളത്തില്‍ ഒലിച്ചുപോയി. ഇതോടെ കിഴക്കുഭാഗം സര്‍വീസ് റോഡില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതെയായി. പടിഞ്ഞാറ് ഭാഗത്തെ സര്‍വീസ് റോഡിലൂടെയാണ് ഇപ്പോള്‍ വാഹനങ്ങള്‍ പോകുന്നത്. ഇരുഭാഗത്തെയും വാഹനങ്ങള്‍ ഒരു റോഡിലൂടെ മാത്രം പോകുന്നതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. തകര്‍ന്ന റോഡിലൂടെ വലിയ തോതിലാണ് വെള്ളം കുത്തിയൊലിച്ചുപോകുന്നത്. ഇതിനാല്‍ റോഡിന്റെ കൂടുതല്‍ ഭാഗം ഇടിയുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

റോഡ് തകര്‍ന്നത് ആദ്യം കണ്ട ഒരു യാത്രക്കാരന്‍ ഇതുവഴി വന്ന വാഹനങ്ങളെ കൈകാണിച്ച് നിര്‍ത്തി വിവരം പറഞ്ഞതിനാല്‍ അപകടങ്ങള്‍ ഒഴിവാകുകയായിരുന്നു. സംഭവമറിഞ്ഞ് ഹൊസ് ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ തിരിച്ചുവിട്ടത്.

Related Articles
Next Story
Share it