ഫുട് ബോള്‍ ടൂര്‍ണ്ണമെന്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവം; പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ലഹരിവില്‍പ്പനക്കാരാണെന്നാരോപിച്ച് പരസ്യവിചാരണ നടത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു

കാഞ്ഞങ്ങാട്: ഫുട് ബോള്‍ ടൂര്‍ണ്ണമെന്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മേലടുക്കം സ്വദേശികളായ റിയോനില്‍ ഡിസൂസ(16), ലോറന്‍സ് സജി(17) എന്നിവരാണ് അക്രമത്തിനിരയായത്. ഇരുവരെയും ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാടിനടുത്ത നെല്ലിക്കാട്ടാണ് സംഭവം. റിയോനില്‍ ഡിസൂസയും ലോറന്‍സ് സജിയും ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് കാണാന്‍ പോയതായിരുന്നു. ടൂര്‍ണ്ണമെന്റ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെ നാലംഗസംഘം ഇവരെ തടഞ്ഞുനിര്‍ത്തി ലഹരിവില്‍പ്പനക്കാരാണെന്നാരോപിച്ച് പരസ്യവിചാരണ നടത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.

സമീപത്തെ വീടുകളില്‍ നിന്നിറങ്ങിവന്ന സ്ത്രീകളടക്കമുള്ളവര്‍ എതിര്‍ത്തിട്ടുപോലും സംഘം അക്രമം തുടര്‍ന്നു. വിദ്യാര്‍ത്ഥികളുടെ മുഖത്തും നെഞ്ചിലും ഇടിച്ച സംഘം കഴുത്ത് ഞെരിക്കുകയും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ അവിടെ കൂടി നിന്നിരുന്ന സ്ത്രീകളില്‍ ചിലര്‍ എടുത്തിരുന്നു. ഇതും പൊലീസ് തെളിവായി സ്വീകരിച്ചു.

അക്രമത്തിനിരയായവരുടെ പരാതിയില്‍ മനോഹരന്‍ നെല്ലിക്കാട്ട്, രാജന്‍ അപ്പാട്ടി, ബാബു മങ്ങേട്, ഷിജിത്ത് നെല്ലിക്കാട് എന്നിവര്‍ക്കെതിരെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തത്.

Related Articles
Next Story
Share it