ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 8 വര്‍ഷം കഠിന തടവും 21,000 രൂപ പിഴയും ശിക്ഷ

കുറ്റിക്കോല്‍ വളവില്‍ പി.ബാബുവിനെയാണ് ശിക്ഷിച്ചത്

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഹൊസ് ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് പി.എം സുരേഷ് എട്ട് വര്‍ഷം കഠിന തടവും 21,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ഒരാഴ്ചയും അധിക തടവിനും ശിക്ഷ വിധിച്ചു.

കുറ്റിക്കോല്‍ വളവില്‍ പി.ബാബു(61) വിനെയാണ് ശിക്ഷിച്ചത്. 13 കാരനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 2023 മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 2.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കള്‍ സ്ഥലത്തില്ലെന്നറിഞ്ഞ് കുട്ടിയുടെ വീടിന്റെ മുറ്റത്ത് വച്ച് ലൈംഗികമായി ഉപദ്രവിക്കുകയും അതിനുശേഷം കുട്ടിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ്.ഐ ആയിരുന്ന എം. ഗംഗാധരനാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ഗംഗാധരന്‍ ഹാജരായി.

Related Articles
Next Story
Share it