മലയോര ജനതയ്ക്ക് ഇനി സുള്ള്യയിലേക്ക് എളുപ്പമെത്താം; കാഞ്ഞങ്ങാട്-ബന്തടുക്ക-സുള്ള്യ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്ന് പെരിയ മൂന്നാംകടവ് കുണ്ടംകുഴി ബന്തടുക്ക കണ്ണാടിത്തോട് വഴി സുള്ള്യ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ഉടന്‍ ആരംഭിക്കും. ഇതോടെ മലയോര ജനതക്ക് കര്‍ണാടകയിലെ സുള്ള്യയുമായി എളുപ്പത്തില്‍ ബന്ധപ്പെടുന്നതിന് സഹായകരമാവും. കാഞ്ഞങ്ങാട് നിന്ന് രാവിലെ 6.40ന് ആരംഭിച്ച് 9.20ന് സുള്ള്യയിലേക്കും തിരിച്ച് 09.30-11.45 സുള്ള്യ-കാഞ്ഞങ്ങാട്, ഉച്ചയ്ക്ക് 12.10ന് കാഞ്ഞങ്ങാട്-സുള്ള്യ, 2.35-4.50 സുള്ള്യ കാഞ്ഞങ്ങാട് എന്ന ക്രമത്തില്‍ കാഞ്ഞങ്ങാട് നിന്നും സുള്ള്യയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കും. വൈകിട്ട് 5 മണിക്ക് ദേശീയപാത വഴി കാസര്‍കോട് എത്തി 6.40 തിരിച്ച് രാത്രി 8 മണിക്ക് കാഞ്ഞങ്ങാട് ഡിപ്പോയില്‍ യാത്ര അവസാനിക്കുന്ന തരത്തിലുള്ള സമയക്രമമാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. പെരിയ, മൂന്നാംകടവ്, കുണ്ടംകുഴി, കുറ്റിക്കോല്‍, ബന്തടുക്ക തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന സര്‍വീസ് എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സി. എച്ച് . കുഞ്ഞമ്പു എം .എല്‍.എ അറിയിച്ചു. യാത്രാദുരിതം പരിഹരിക്കുന്നതിന് ഈ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഗതാഗത വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബസ് സര്‍വീസ് ആരംഭിക്കുന്നതിന് നടപടിയായത്.