കാഞ്ഞങ്ങാട്ടെ സ്ഥാപനം കേന്ദ്രീകരിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം; 3 പേര്‍ അറസ്റ്റില്‍

നിരവധി വ്യാജരേഖകളും വ്യാജരേഖകളുണ്ടാക്കാനുപയോഗിക്കുന്ന കമ്പ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്‌ക്കുകളും സീലുകളും അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സ്ഥാപനം കേന്ദ്രീകരിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്ന സംഘത്തില്‍പെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് പുതിയ കോട്ട ബസ് സ്റ്റോപ്പിന് പിറകുവശത്തെ നെറ്റ് ഫോര്‍ യു എന്ന സ്ഥാപനത്തിന്റെ ഉടമ കൊവ്വല്‍ പള്ളിയിലെ സന്തോഷ് കുമാര്‍(45), കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയും ചെറുവത്തൂര്‍ മൗക്കോട് താമസക്കാരനുമായ പി രവീന്ദ്രന്‍(51), ഹൊസ് ദുര്‍ഗ് കടപ്പുറത്തെ ശിഹാബ്(34) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത്, എസ് ഐമാരായ ടി.അഖില്‍, ശാര്‍ങധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

സ്ഥാപനത്തില്‍ നിന്നും നിരവധി വ്യാജരേഖകളും വ്യാജരേഖകളുണ്ടാക്കാനുപയോഗിക്കുന്ന കമ്പ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്‌ക്കുകളും സീലുകളും അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. ശിഹാബിന്റെ വീട്ടില്‍ പരിശോധന നടത്തി പ്രിന്റുകളടക്കം പിടികൂടി. രവീന്ദ്രന്റെ താമസ സ്ഥലത്തും പരിശോധന നടത്തി.

പാസ് പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, എസ്.എസ്.എല്‍.സി ബുക്ക്, സംസ്ഥാനത്തെ വിവിധ യൂണിവേഴ് സിറ്റികളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വ്യാജമായുണ്ടാക്കുന്ന വന്‍ റാക്കറ്റാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ പേര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it