'എല്ലാവരും എന്നോട് ക്ഷമിക്കണം..മാപ്പ് ' വാട്‌സ്ആപ്പ് സന്ദേശം; പിന്നാലെ ഐ.എന്‍.ടി.യു.സി നേതാവിന്റെ മരണം

കാഞ്ഞങ്ങാട്:സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ്പിലൂടെ സന്ദേശമയച്ചതിനു പിന്നാലെ ഐ.എന്‍.ടി.യു.സി നേതാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ തൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി )ജില്ലാ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ നീലേശ്വരം കൊട്രച്ചാലിലെ വി. വി സുധാകരന്‍ (61 )ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സുധാകരന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പടന്നക്കാട് ഭാഗമാണ് കാണിച്ചത്. തുടര്‍ന്ന് നാട്ടുകാരും സുഹൃത്തുക്കളും സ്ഥലത്തെത്തിയപ്പോള്‍ നമ്പ്യാര്‍ക്കാല്‍ റോഡില്‍ ഓട്ടോ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി.കൂടുതല്‍ പരിശോധിച്ചപ്പോഴാണ് സമീപത്ത് ട്രാക്കില്‍ മൃതദേഹം കണ്ടത്. 'എല്ലാവരും എന്നോട് ക്ഷമിക്കണം.. മാപ്പ്' എന്ന സന്ദേശം രാത്രി പത്തരയോടെ സുഹൃത്തുക്കളുടെ വാട്‌സ് ആപ്പുകളിലേക്ക് സുധാകരൻ അയച്ചിരുന്നു. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് മുന്‍ ജനറല്‍ സെക്രട്ടറിയായ സുധാകരന്‍ ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറാണ്.ഭാര്യ: പ്രീത. മക്കള്‍: പ്രണവ്, പൃഥ്വി (ഇരുവരും ഗള്‍ഫ്). സഹോദരങ്ങള്‍:വി.വി ശോഭ (കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ ),കമല,സുകുമാരി, ബീന, പരേതനായ ബാബു.