വൈദ്യുതി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഐ.എന്‍.എന്‍.ടി.യു.സി

അടിക്കടി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്ന കൈയേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമനടപടികള്‍ ഉണ്ടാകണമെന്നും ആവശ്യം

കാഞ്ഞങ്ങാട്: പടന്നക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരെ തൈക്കടപ്പുറത്ത് വച്ച് ആക്രമിച്ച സംഭവത്തില്‍ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.എന്‍.ടി.യു.സി) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അടിക്കടി വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്ന കൈയേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ പൊലീസിന്റെയും മാനേജ്‌മെന്റി ന്റെയും ഭാഗത്തുനിന്നും നിയമനടപടികള്‍ ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വര്‍ക്കിങ്ങ് പ്രസിഡണ്ട് പി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.വി ഗോപകുമാര്‍, മുഹമ്മദ് ശരീഫ്, കെ. സുധീര്‍, എം. മോഹനന്‍, കെ. എം അജിത്ത് കുമാര്‍, എം. അഷറഫ്, കെ.എം പവിത്രന്‍, ജലീല്‍ കാര്‍ത്തിക, കെ. പി രാജേഷ്, കെ. വിവേകാനന്ദന്‍, ഇ.ജെ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

പടന്നക്കാട് ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ കൊട്രച്ചാല്‍ കോളനി ജംഗ്ഷന് സമീപം ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സബ് എഞ്ചിനീയര്‍ ശശി ആയിറ്റി, ഓവര്‍സിയര്‍ കെ.സി ശ്രീജിത്ത്, ലൈന്‍മാന്‍മാരായ പവിത്രന്‍, അശോകന്‍ എന്നിവരെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ധനൂപ്, സുമിത്, ഷാജി എന്നിവരെ നിലേശ്വരം പൊലീസ് വധശ്രമ കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് എസ്.ഐ മാരായ അരുണ്‍ മോഹന്‍, കെ.വി രതീശന്‍, സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ എം. മഹേന്ദ്രന്‍, പൊലീസുകാരായ ദിലീഷ് പള്ളിക്കൈ, ജാബിര്‍ ഉള്‍പ്പെടെയുള്ളവരെ തെറി വിളിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്.

സബ് എഞ്ചിനീയര്‍ ശശി ആയിറ്റിയെ അടിച്ച് താഴെയിട്ട് ചവിട്ടുകയും ചെയ്തു. ഇദ്ദേഹത്തിന് കാലിനും നടുവിനും കഴുത്തിനും പരിക്ക് പറ്റി. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ശ്രീജിത്തിന് കുത്തേറ്റു. ഇവരെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ പൊലീസ് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. ഒരു പ്രതി ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it