വീട് കുത്തിത്തുറന്ന് മൂന്നരപവന്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവം; ബന്ധുവായ യുവതിയെ കുടുക്കിയത് നിരീക്ഷണ ക്യാമറയിലെ ദൃശ്യം
വീട്ടുടമ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കാഞ്ഞങ്ങാട്ടേക്ക് പോയ സമയത്താണ് കവര്‍ച്ച നടത്തിയത്.

കാഞ്ഞങ്ങാട്: വീട് കുത്തിതുറന്ന് മൂന്നരപവന്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ ബന്ധുവായ യുവതിയെ കുടുക്കിയത് നിരീക്ഷണ ക്യാമറയില്‍ പകര്‍ന്ന ദൃശ്യം. കഴിഞ്ഞ മാസം 27ന് പയ്യങ്കിയിലെ ബിന്ദുവിന്റെ വീട് തുറന്ന് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായത് പരാതിക്കാരുടെ ബന്ധുവായ തുരുത്തി അസൈനാര്‍മുക്ക് സ്വദേശിനി കെ ബിന്ദു(44) ആണ്.
താക്കോല്‍ ഉപയോഗിച്ച് വീട് തുറന്നാണ് മോഷണം നടത്തിയത്. വീട്ടുടമ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കാഞ്ഞങ്ങാട്ടേക്ക് പോയ സമയത്താണ് കവര്‍ച്ച നടത്തിയത്. വീടുമായി പരിചയമുള്ള ആരെങ്കിലുമായിരിക്കാം പിന്നിലെന്ന് ഉറപ്പിച്ച പൊലീസ് ആ രീതിയിലാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. നിരവധിപേരെ ചോദ്യം ചെയ്തിരുന്നു. അതിനിടെയാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്.
ഇടുങ്ങിയ വഴിയിലൂടെ ബിന്ദു വന്നതിന്റെ ദൃശ്യം ലഭിച്ചു. ഈ സൂചന അനുസരിച്ച് യുവതിയെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം നിഷേധിക്കുകയും പിന്നീട് സമ്മതിക്കുകയും ചെയ്തു. മൂന്നര പവന്‍ സ്വര്‍ണാഭരണമാണ് കവര്‍ച്ച ചെയ്തത്. കവര്‍ന്ന മാല നീലേശ്വരത്ത് നിന്നും കണ്ടെടുത്തു. വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് പുതിയ മാലയും രണ്ട് മോതിരവും വാങ്ങി. ഇതും 52000 രൂപയും പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചന്തേര ഇന്‍സ്പെക്ടര്‍ എം. പ്രശാന്ത്, എസ്.ഐ കെ.പി സതീഷ്, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ ഹരീഷ്, സുധീഷ്, രഞ്ജിത്ത്, അജിത്ത്, ലിഷ, സൗമ്യ, ജിതിന്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ കുടുക്കിയത്. യുവതിയെ ഈ മാസം 16 വരെ റിമാണ്ട് ചെയ്തു.