ബൈക്കിലെത്തി പരിചയം നടിച്ച് പണം തട്ടുന്ന സംഘം സജീവമാകുന്നു; മാവുങ്കാലില്‍ വയോധികയ്ക്ക് പണം നഷ്ടപ്പെട്ടു
പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാഞ്ഞങ്ങാട്: ബൈക്കിലെത്തി പരിചയം ഭാവിച്ച് പണം തട്ടുന്ന സംഘം സജീവമാകുന്നു. മാവുങ്കാലില്‍ ആണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തട്ടിപ്പ് അരങ്ങേറിയത്. ആസ്പത്രിയില്‍ പോയി മടങ്ങുകയായിരുന്ന വയോധികയ്ക്കാണ് പണം നഷ്ടപ്പെട്ടത്. രാമനഗരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുന്‍വശത്ത് വെച്ചാണ് സംഭവം. യുവാവ് വയോധികയ്ക്ക് സമീപം ബൈക്ക് നിര്‍ത്തിയിട്ട് മുന്‍ പരിചയമുള്ളതുപോലെ നടിച്ചു. പിന്നീട് വീട്ടുകാരെ അറിയുന്നതുപോലെ സമര്‍ത്ഥമായി സംസാരിച്ചു.
വിശ്വാസം ഉണ്ടാക്കിയതിനുശേഷം താനൊരു പ്രശ്നത്തില്‍ പെട്ടിരിക്കുകയാണെന്ന് പറഞ്ഞു. ബൈക്കിന്റെ കടലാസില്ലാത്തതിനാല്‍ പൊലീസ് പിഴ ചുമത്തിയിട്ടുണ്ടെന്നും പണം കൈയില്‍ കരുതിയിട്ടില്ലെന്നും പറഞ്ഞു. അത്യാവശ്യമായെടുക്കാന്‍ 1000 രൂപയുണ്ടാകുമോയെന്ന് വയോധികയോട് ചോദിച്ചു. എന്നാല്‍ ഇവരുടെ കൈയില്‍ 500 രൂപമാത്രമാണുണ്ടായിരുന്നത്. യുവാവിനെ വിശ്വസിച്ച് പണം കൈമാറുകയും ചെയ്തു. പണം ലഭിച്ചതിനുശേഷം യുവാവ് വയോധികയുടെ വീട്ടുകാരോട് സംസാരിക്കുന്നതുപോലെ ഏറെ അടുപ്പമുണ്ടെന്ന് വരുത്തും വിധം സംസാരിച്ചു. പിന്നീട് പണം പൊലീസിന് നല്‍കിയ ശേഷം വീട്ടില്‍ പോയി പണവുമായി തിരിച്ചുവരാമെന്ന് കൂടി പറഞ്ഞാണ് യുവാവ് സ്ഥലം വിട്ടത്.
എന്നാല്‍ വയോധിക വീട്ടിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. പണം ലഭിച്ചതിനുശേഷം യുവാവ് വെറുതെ ഫോണില്‍ സംസാരിക്കുന്നത് പോലെ നടിക്കുകയായിരുന്നുവെന്നും വീട്ടുകാരെ വിളിച്ചിട്ടില്ലെന്നും വ്യക്തമായി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പെരിയ ഭാഗത്തും ഇത്തരത്തില്‍ തട്ടിപ്പ് അരങ്ങേറിയിരുന്നു. യുവാവിനെ കണ്ടെത്താന്‍ പൊലീസ് സി.സി.ടി.വികള്‍ പരിശോധിക്കാനൊരുങ്ങുകയാണ്.