ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 15 കുട്ടികള്‍ ആസ്പത്രിയിലായ സംഭവം; വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്ത ഷവര്‍മ്മയെന്ന് റിപ്പോര്‍ട്ട്
ഹോട്ടലുടമക്കെതിരെ കേസെടുക്കാന്‍ നടപടി തുടങ്ങിയെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍

ബേക്കല്‍: ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് 15 കുട്ടികള്‍ ആസ്പത്രിയിലായ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. ഷവര്‍മക്ക് ഗുണനിലവാരമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സെപ്തംബര്‍ 9ന് പള്ളിക്കര പൂച്ചക്കാട്ടെ ബോംബെ ഹോട്ടലില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് 15 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയായിരുന്നു. പൂച്ചക്കാട് തെക്കുപുറം ജമാ അത്ത് കമ്മിറ്റി സംഘടിപ്പിച്ച നബിദിനാഘോഷപരിപാടിയില്‍ വളണ്ടിയര്‍മാരായിരുന്ന 14 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഷവര്‍മ്മ കഴിച്ചത്.
ഇതിനുപിന്നാലെ ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ട കുട്ടികളെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ച കോഴിക്കോട് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടിലാണ് ഭക്ഷണത്തിന് നിലവാരമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഹോട്ടലുടമക്കെതിരെ കേസെടുക്കാന്‍ നടപടി തുടങ്ങിയെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ പറഞ്ഞു.
പരമാവധി അഞ്ചുലക്ഷം രൂപ വരെ പിഴ വിധിക്കാനുള്ള വകുപ്പുകളാണ് ഭക്ഷ്യസുരക്ഷാവകുപ്പിലുള്ളത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പൂച്ചക്കാട്ടെ ബോംബെ ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഉടമയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. പോരായ്മകള്‍ പരിഹരിച്ചതായി ഉടമ ഭക്ഷ്യസുരക്ഷാവകുപ്പിനെ അറിയിക്കണം.