പ്രഥമ ശുശ്രൂഷ പാഠം തുണയായി; ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ സഹപാഠിക്ക് രക്ഷകനായി മുഹമ്മദ് സഹല്‍
ബെല്ല കടപ്പുറത്തെ ആര്‍.സി ബഷീറിന്റേയും ആരിഫയുടേയും മകനാണ് മുഹമ്മദ് സഹല്‍

കാഞ്ഞങ്ങാട്: ക്ലാസില്‍ കേട്ട പ്രഥമ ശുശ്രൂഷ പാഠം മുഹമ്മദ് സഹല്‍ ഷഹസാദിന് സഹപാഠിയുടെ ജീവന്‍ രക്ഷിക്കാന്‍ പ്രയോജനപ്പെട്ടു. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ സഹപാഠിയെ രക്ഷിക്കാന്‍ ഈ പാഠം പ്രചോദനമായി. ബെല്ല കടപ്പുറത്തെ ആര്‍.സി ബഷീറിന്റേയും ആരിഫയുടേയും മകനായ മുഹമ്മദ് സഹല്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സ്‌കൂളിലെ സ്റ്റുഡന്റ് കേഡറ്റ് ആണ് സഹല്‍. കഴിഞ്ഞദിവസം ഉച്ചയ്ക്ക് കടയില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ സഹപാഠി മുഹമ്മദ് അജാസ് ഫാദിക്കിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയിരുന്നു. മുഹമ്മദ് സഹല്‍ സഹപാഠിയുടെ നെഞ്ചിലും പൊക്കിളിലും അമര്‍ത്തിയതോടെ ഭക്ഷണം ഛര്‍ദിക്കുകയും ശ്വാസം നേരെയാകുകയും ചെയ്തു. സ്‌കൂളില്‍ വച്ച് ദുരന്ത പ്രതികരണ സേനയുടെ ഉദ്യോഗസ്ഥര്‍ നടത്തിയ ക്ലാസില്‍ സഹലും പങ്കെടുത്തിരുന്നു. ഈ ക്ലാസില്‍ കേട്ട പ്രഥമ ശുശ്രൂഷയാണ് കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ സഹലിന് പ്രയോജനപ്പെട്ടത്.