കൗണ്‍സിലിങ്ങിനെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഡോക്ടര്‍ അറസ്റ്റില്‍

കുശാല്‍നഗറിലെ ഡോ. വിശാഖ കുമാറിനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: കൗണ്‍സിലിങ്ങിനെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കുശാല്‍നഗറിലെ ഡോ. വിശാഖ കുമാറിനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാലുകാരി കൗണ്‍സിലിങ്ങിനായി വിശാഖ കുമാറിന്റെ കുശാല്‍നഗര്‍ റെയില്‍വെ ഗേറ്റിന് സമീപം ചര്‍ച്ച് റോഡിലുള്ള വീട്ടില്‍ വന്നതായിരുന്നു.

കൗണ്‍സിലിങ്ങ് മുറിയില്‍ വെച്ച് ഡോക്ടര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുവിട്ടത്. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും രക്ഷിതാക്കള്‍ ചന്തേര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ചന്തേര പൊലീസ് കേസെടുത്തെങ്കിലും സംഭവം നടന്നത് ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇവിടേക്ക് മാറ്റുകയായിരുന്നു. വിശാഖ് കുമാറിനെതിരെ പോക്സോക്ക് പുറമെ സംരക്ഷണം ഒരുക്കേണ്ടവര്‍ തന്നെ കുറ്റകൃത്യം നടത്തിയെന്ന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles
Next Story
Share it