വ്യാജ രേഖകള്‍ നിര്‍മ്മിച്ച് നല്‍കുന്ന സംഘത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പൊലീസിന്റെ രഹസ്യ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഒരാഴ്ച മുമ്പാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട്: വിവിധ സര്‍വ്വകലാശാലകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വ്യാജരേഖകള്‍ നിര്‍മ്മിച്ച് കൊടുക്കുന്ന സംഘത്തെ ബുധനാഴ്ച വൈകുന്നേരം വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പുതിയ കോട്ടയിലെ നെറ്റ് ഫോര്‍ യു സ്ഥാപനം ഉടമ കൊവ്വല്‍ പള്ളിയിലെ സന്തോഷ് കുമാര്‍, മുഴക്കോത്തെ രവീന്ദ്രന്‍, ഹൊസ് ദുര്‍ഗ് കടപ്പുറത്തെ ശിഹാബ് എന്നിവരെയാണ് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.

പൊലീസിന്റെ രഹസ്യ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഒരാഴ്ച മുമ്പാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ പ്രമുഖ സര്‍വ്വകലാശാലകളുടെ ബിരുദ - ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍, ആര്‍ ടി ഓഫീസുകള്‍ നല്‍കുന്ന വിവിധ ലൈസന്‍സുകള്‍, സീലുകള്‍ എന്നിവ ഉള്‍പ്പെടെ ഇവരില്‍ നിന്നും കണ്ടെത്തിയിരുന്നു.

കൂടുതല്‍ അന്വേഷണം നടത്താനാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ആയിരത്തിലധികം പേര്‍ക്ക് പ്രതികള്‍ പണം വാങ്ങി വ്യാജരേഖകള്‍ നിര്‍മ്മിച്ച് നല്‍കിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സ്ഥാപനത്തിലും പ്രതികളുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തി വ്യാജരേഖകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ഉപകരണങ്ങളും സാമഗ്രികളും പിടിച്ചെടുത്തിരുന്നു.

Related Articles
Next Story
Share it