'ആവിക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടുമതില്‍ തകര്‍ത്തു'; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്തെ ജയരാജന്റെ പറമ്പിലാണ് അക്രമം നടന്നത്.

കാഞ്ഞങ്ങാട്: ആവിക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടുമതില്‍ തകര്‍ത്തതായും തെങ്ങുകളും കവുങ്ങുകളും വെട്ടി നശിപ്പിച്ചതായും പരാതി. സംഭവത്തില്‍ 10 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു. മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്തെ ജയരാജന്റെ പറമ്പിലാണ് അക്രമം നടന്നത്. വിഷു ദിവസം പുലര്‍ച്ചെയാണ് സംഭവം. നേരത്തെ സി.പി.എമ്മിലായിരുന്നു ജയരാജന്‍.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഈ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ജയരാജന്റെ പരാതിയില്‍ പ്രിയേഷ്, അജീഷ്, അനീഷ്, റഫീഖ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ജയരാജന്റെ പരാതിയില്‍ പറയുന്നുണ്ട്.
ജയരാജന്റെ പറമ്പില്‍ അക്രമം കാട്ടിയ സി.പി.എം നടപടി കാടത്തമാണെന്നും പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത ഇത്തരം പ്രവണതകളെ സി.പി.എം നേതൃത്വം തള്ളിപ്പറയണമെന്നും യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരു കുടുംബത്തെ തന്നെ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇനിയും അക്രമം തുടര്‍ന്നാല്‍ യൂത്ത് കോണ്‍ഗ്രസ് കുടുംബത്തിന് സംരക്ഷണം നല്‍കും. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളായ പ്രവീണ്‍ തോയമ്മല്‍, വിനോദ് ആവിക്കര, ടി. കുഞ്ഞികൃഷ്ണന്‍, സുജിത്ത് പുതുക്കൈ, രതീഷ് ഒഴിഞ്ഞവളപ്പ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ, മണ്ഡലം പ്രസിഡണ്ട് എച്ച്. ആര്‍.വിനീത്, ഗോകുല്‍ദാസ് ഉപ്പിലിക്കൈ, സന്ദീപ് ഒഴിഞ്ഞവളപ്പ്, വിക്രമന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.