രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; ബഷീര്‍ വെള്ളിക്കോത്തിനെതിരെ കേസ്
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 173 പ്രകാരമാണ് കേസ്

കാഞ്ഞങ്ങാട്: പഹല്‍ ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്ക് വഴി രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ടുമായ ബഷീര്‍ വെള്ളിക്കോത്തിനെതിരെ പൊലീസ് കേസെടുത്തു.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് എസ്. പി ഷാജിയുടെ പരാതിയിലാണ് ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 173 പ്രകാരമാണ് കേസ്. രാജ്യത്തിനെതിരെയും ലഹള ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയും ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. ഒരു ചാനലിന്റെ ഫേസ് ബുക്ക് പോസ്റ്റിന് കമന്റിട്ടതായിരുന്നു.
വിവാദ പോസ്റ്റ് ബഷീര്‍ വെള്ളിക്കോത്ത് പിന്നീട് പിന്‍വലിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം സമൂഹ മാധ്യമങ്ങള്‍ വിവിധ ഇന്റലിജന്‍സ് അന്വേഷണ ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് ബഷീറിന്റെ പോസ്റ്റ് വിവാദത്തിനിടയാക്കിയത്.