വളപട്ടണം പുഴയില്‍ ചാടി ജീവനൊടുക്കിയ പെരിയാട്ടടുക്കം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു

രാജേഷിനെ അവസാനമായി ഒരു നോക്കുകാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്‌

പെരിയാട്ടടുക്കം: വളപട്ടണം പുഴയില്‍ ചാടി ജീവനൊടുക്കിയ പെരിയാട്ടടുക്കം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. പെരിയാട്ടടുക്കത്തെ രാജു എന്ന രാജേഷിന്റെ(39) മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ചത്. ബുധനാഴ്ച വൈകിട്ടോടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെയാണ് രാജേഷിന്റെ മൃതദേഹം പഴയങ്ങാടി മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത്. ജൂണ്‍ 30ന് പുലര്‍ച്ചെയാണ് രാജേഷും ഭര്‍തൃമതിയായ യുവതിയും ആത്മഹത്യ ചെയ്യുകയെന്ന ഉദ്ദേശത്തോടെ വളപട്ടണം പുഴയില്‍ ചാടിയത്. പാലത്തിന് മുകളില്‍ നിന്നാണ് ഇരുവരും താഴേക്ക് ചാടിയത്. രാജേഷിനെ ഒഴുക്കില്‍പെട്ട് കാണാതാവുകയും യുവതി നീന്തി രക്ഷപ്പെടുകയുമായിരുന്നു. നീന്തലറിയാവുന്ന യുവതി കപ്പക്കടവ് തീരത്തേക്ക് നീന്തിയെത്തിയാണ് രക്ഷപ്പെട്ടത്.

യുവതിയെ കാണാതായ സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതിയും ആണ്‍സുഹൃത്ത് രാജേഷും വളപട്ടണം പുഴയില്‍ ചാടിയ വിവരം ലഭിച്ചത്. യുവതി രക്ഷപ്പെട്ടെത്തി തന്നോടൊപ്പം രാജേഷും ചാടിയെന്നും ഒഴുക്കില്‍പെട്ട് കാണാതായെന്നും പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

രാജുവിനെ കാണാനില്ലെന്ന പരാതിയിലും ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. 29നാണ് രാജേഷും യുവതിയും വീടുവിട്ടിറങ്ങിയത്. വിവിധ സ്ഥലങ്ങളിലേക്ക് പോയ രണ്ടുപേരും 30ന് പുലര്‍ച്ചെ വളപട്ടണത്തെത്തി പുഴയിലേക്ക് ചാടുകയായിരുന്നു. ബേക്കല്‍ പൊലീസ് യുവതിയെ കോടതിയില്‍ ഹാജരാക്കി.

കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനൊപ്പം പോയി. പരേതനായ മാധവന്‍ നായരുടെയും ഭാര്‍ഗവിയുടെയും മകനാണ് രാജേഷ്. സഹോദരങ്ങള്‍: ടി ശോഭന(പള്ളിക്കര പഞ്ചായത്തംഗം), അശോകന്‍, രേഖ(പാണത്തൂര്‍), ഗിരീശന്‍(അബൂദാബി).

Related Articles
Next Story
Share it