പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം നാലാം ദിവസം കണ്ടെത്തി
കോടോം തടിയന്‍ വളപ്പിലെ കഴുങ്ങിനടി ബാലകൃഷ്ണന്റെയും വിനോദിനിയുടേയും മകന്‍ ബി സജിത്ത് ലാലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

കാഞ്ഞങ്ങാട്: പെരിയ ആയംകടവ് പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോടോം തടിയന്‍ വളപ്പിലെ കഴുങ്ങിനടി ബാലകൃഷ്ണന്റെയും വിനോദിനിയുടേയും മകന്‍ ബി. സജിത്ത് ലാലി(25)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച വൈകുന്നേരം ബങ്ങാട് കായക്കുന്ന് പുഴയില്‍ അടുക്കം ഭാഗത്ത് നിന്നും കണ്ടെത്തിയത്. പെരിയയിലെ വാഹന കമ്പനിയിലെ ജീവനക്കാരനാണ് സജിത്ത് ലാല്‍.
ഇക്കഴിഞ്ഞ സപ്തംബര്‍ നാലിന് രാത്രിയാണ് സജിത്ത് പുഴയില്‍ ചാടിയതെന്ന് സംശയിക്കുന്നു. ആയംകടവ് പാലത്തിന് മുകളില്‍ ഇയാളുടെ ഇരുചക്ര വാഹനവും താഴെ പുഴയില്‍ നിന്ന് ഹെല്‍മറ്റും കണ്ടെത്തിയിരുന്നു. കാണാതായ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ ദൂരെ മരത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു.
സജിത്ത് ലാലിനെ കാണാനില്ലെന്ന പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്തിരുന്നു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: സനില, സജിന.