തോണിയില്‍ ബോട്ടിടിച്ചതിനെ തുടര്‍ന്ന് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

അച്ചാംതുരുത്തി എരിഞ്ഞിക്കീലിലെ കെ ശ്രീധരന്റെ മൃതദേഹമാണ് കണ്ടെത്തിയത്

കാഞ്ഞങ്ങാട്: മടക്കരയില്‍ മീന്‍പിടിത്ത ബോട്ട് തോണിയിലിടിച്ചതിനെ തുടര്‍ന്ന് പുഴയിലേക്ക് തെറിച്ചുവീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അച്ചാംതുരുത്തി എരിഞ്ഞിക്കീലിലെ കെ ശ്രീധരന്റെ(53) മൃതദേഹമാണ് വ്യാഴാഴ്ച വൈകിട്ടോടെ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന പി.കെ ബാലകൃഷ്ണനെ(55) രക്ഷപ്പെടുത്തി കരക്കെത്തിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 7.45 മണിയോടെയാണ് അപകടമുണ്ടായത്.

ശ്രീധരനും ബാലകൃഷ്ണനും മണല്‍വാരി മടങ്ങുകയായിരുന്ന തോണിയില്‍ തൈക്കടപ്പുറം ബോട്ട് ജെട്ടിയിലേക്ക് പോകുകയായിരുന്ന യന്ത്രവല്‍കൃത ബോട്ടാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തോണി തകരുകയും മണല്‍വാരല്‍ തൊഴിലാളികള്‍ പുഴയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. ശ്രീധരനെ പുഴയില്‍ കാണാതായതോടെ തീരദേശ പൊലീസും ഫിഷറീസ് വകുപ്പിന്റെ സുരക്ഷാ ബോട്ടും അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബ സംഘവും മണല്‍വാരല്‍ തൊഴിലാളികളും മടക്കരപ്പുഴയിലും അഴിമുഖത്തും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രജനി. മക്കള്‍: അശ്വതി, അനുശ്രീ. മരുമകന്‍ : സുമേഷ് (പ്രവാസി, ഉദുമ). സഹോദരങ്ങള്‍ : രാമന്‍, നാരായണി, ശാന്ത, പരേതയായ കണ്ണന്‍, നാരായണന്‍.

Related Articles
Next Story
Share it