പാറപ്പള്ളി മഖാമിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമം
പ്രധാന കവാടം ഒഴിവാക്കി പടിഞ്ഞാറു ഭാഗത്ത് സ്ത്രീകള്‍ക്ക് പ്രവേശനമുള്ള വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്

കാഞ്ഞങ്ങാട്: പാറപ്പള്ളി മഖാമിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമിച്ചതായി പരാതി. സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിലും മോഷണ ശ്രമം നടന്നതായി ഉടമ പൊലീസിനെ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. പള്ളിയുടെ പ്രധാന കവാടം ഒഴിവാക്കി പടിഞ്ഞാറു ഭാഗത്ത് സ്ത്രീകള്‍ക്ക് പ്രവേശനമുള്ള വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്.
എന്നാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഓഫീസിന്റെ ഗ്ലാസ് തകര്‍ത്ത നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒരാള്‍ പുലര്‍ച്ചെ പള്ളിയിലേക്ക് കടക്കുന്ന ദൃശ്യം കണ്ടെത്തി.
സംഭവത്തില്‍ കേസെടുത്ത പൊലീസ് മോഷ്ടാവിനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. സൂപ്പര്‍ മാര്‍ക്കറ്റിലും മോഷ്ടാവെത്തിയെങ്കിലും ഇവിടെ കാവലുണ്ടായിരുന്ന ആള്‍ ബഹളം വെച്ചതോടെ ഓടി മറയുകയായിരുന്നു.