വൈദ്യുതി സെക്ഷനിലെ ജീവനക്കാരെയും പൊലീസുകാരെയും ക്രൂരമായി അക്രമിച്ച സംഭവം; 3 പേര്‍ അറസ്റ്റില്‍

ധനൂപ്, സുമിത്, ഷാജി എന്നിവരെയാണ് നീലേശ്വരം പൊലീസ് വധശ്രമ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്

കാഞ്ഞങ്ങാട്: വൈദ്യുതി സെക്ഷനിലെ ജീവനക്കാരെയും പൊലീസുകാരെയും ക്രൂരമായി അക്രമിച്ച സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. പടന്നക്കാട് വൈദ്യുതി സെക്ഷനിലെ ജീവനക്കാരെയും പൊലീസുകാരെയും അക്രമിച്ച സംഭവത്തിലാണ് പ്രതികളായ മൂന്ന് പേരെ നീലേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്.


പടന്നക്കാട് ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ കൊട്രച്ചാല്‍ കോളനി ജംഗ്ഷന് സമീപം ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സബ് എഞ്ചിനീയര്‍ ശശി ആയിറ്റി, ഓവര്‍സിയര്‍ കെ.സി ശ്രീജിത്ത്, ലൈന്‍മാന്‍മാരായ പവിത്രന്‍, അശോകന്‍ എന്നിവരെയാണ് ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ധനൂപ്, സുമിത്, ഷാജി എന്നിവരെയാണ് നീലേശ്വരം പൊലീസ് വധശ്രമ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് എസ് ഐ മാരായ അരുണ്‍ മോഹന്‍, കെ.വി രതീശന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ എം. മഹേന്ദ്രന്‍, പൊലീസുകാരായ ദിലീഷ് പള്ളിക്കൈ, ജാബിര്‍ ഉള്‍പ്പെടെയുള്ളവരെ തെറി വിളിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്.

സബ് എഞ്ചിനീയര്‍ ശശി ആയിറ്റിയെ അടിച്ച് താഴെയിട്ട് ചവിട്ടുകയും ചെയ്തു. ഇദ്ദേഹത്തിന് കാലിനും നടുവിനും കഴുത്തിനും പരിക്ക് പറ്റി. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ശ്രീജിത്തിന് കുത്തേറ്റു. ഇവരെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ പൊലീസ് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. ഒരു പ്രതി ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it