അമ്പത്തറയിലെ പെണ്‍കുട്ടിയുടെ കൊലപാതകം; 'ദൃശ്യം' സിനിമ ഇറങ്ങുന്നതിന് മുമ്പേ ദൃശ്യം മോഡല്‍ തെളിവ് നശീകരണം

കാഞ്ഞങ്ങാട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 വയസ്സുകാരി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് അതിവിദഗദ്ധമായി. ദൃശ്യം സിനിമ ഇറങ്ങുന്നതിന് മുമ്പേ സിനിമയെ വെല്ലുന്ന തരത്തില്‍ ബിജു പൗലോസ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു. 2010ല്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ മൃതദേഹം മറവ് ചെയ്ത ബിജു പൗലോസ് എറണാകുളത്തേക്ക് പോയത് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണുമായി. പെണ്‍കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാന്‍ ഇതേ ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ പിതാവിനെ പലതവണ മിസ്‌കോള്‍ ചെയ്തു. ബിജു പൗലോസിന്റെ ഫോണിലേക്കും പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും വിളിച്ചു. തിരിച്ചും വിളിച്ചു. മകളുടെ ഫോണില്‍ നിന്നും പലതവണ മിസ്‌കോള്‍ വരാറുണ്ടെന്ന് പിതാവ് പറയാറുണ്ടായിരുന്നു. അന്വേഷണത്തില്‍ ഇത് ബിജു വിളിച്ചതാണെന്ന് വ്യക്തമായി. സംഭവത്തിന് ശേഷം ബിജു ഗള്‍ഫിലേക്ക് കടന്നതായും പൊലീസ് പറഞ്ഞു. ഗള്‍ഫില്‍ വിസ കാലാവധി കഴിഞ്ഞതിനാല്‍ ജയിലില്‍ കിടന്നതിന് ശേഷം നാട്ടിലേക്ക് തിരിച്ചുവന്നു. അതിനിടെ പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമായതോടെ കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.