അക്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ജയില്‍ ഉദ്യോഗസ്ഥരെയും ആക്രമിച്ചു

പാത്രങ്ങള്‍ എറിഞ്ഞ് നാശനഷ്ടങ്ങളുണ്ടാക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു

കാഞ്ഞങ്ങാട്: അക്രമക്കേസുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ജയില്‍ ഉദ്യോഗസ്ഥരെയും ആക്രമിച്ചു. ജയിലില്‍ പാത്രങ്ങള്‍ എറിഞ്ഞ് നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ വധഭീഷണിയും മുഴക്കി. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികള്‍ക്കെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു.

നാല് പേരെയും വിവിധ ജയിലുകളിലേക്ക് മാറ്റി. മുഹമ്മദ് ആഷിഖ്, റംഷീദ്, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് മിര്‍സാന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാഞ്ഞങ്ങാട് നഗരത്തില്‍ പൂച്ചക്കാട് സ്വദേശി താജുദ്ദീനെയും ഇതര സംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച കേസിലാണ് പ്രതികള്‍ റിമാന്‍ഡില്‍ കഴിയുന്നത്. ജയില്‍ ഓഫീസര്‍ വി ആര്‍ രതീഷിനെയും മറ്റൊരു ജയില്‍ ഓഫീസര്‍ ജയകുമാറിനെയുമാണ് ജയിലില്‍ വെച്ച് ഇവര്‍ മര്‍ദ്ദിച്ചത്.

ജയിലില്‍ ഉപയോഗിക്കുന്ന പാത്രങ്ങളാണ് ഇവര്‍ എറിഞ്ഞ് നശിപ്പിച്ചത്. 3000 രൂപയുടെ നഷ്ടമുണ്ട്. അക്രമത്തിന് പിന്നാലെ ആഷിഖിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും ഷഫീഖിനെ കണ്ണൂര്‍ ജില്ലാ ജയിലിലേക്കും മിര്‍സാനെ കോഴിക്കോട് ജില്ലാ ജയിലിലേക്കും മാറ്റി.

Related Articles
Next Story
Share it