കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ വനിതാ എസ്. ഐയെ തടഞ്ഞു വെച്ച കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം തടവ്
ശിക്ഷ വിധിച്ചത് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി

കാഞ്ഞങ്ങാട്: കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് അന്വേഷിക്കാനെത്തിയ വനിതാ എസ്.ഐയെ തടഞ്ഞുവെച്ച കേസിലെ പ്രതിക്ക് കോടതി രണ്ടുവര്‍ഷം തടവ് ശിക്ഷയും 10,000രൂപ പിഴയും വിധിച്ചു. പടന്ന സ്വദേശി കെ മുഹമ്മദ് അഷ്റഫിനാണ് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2007ല്‍ ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് 18 വര്‍ഷത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചത്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ വനിതാ സബ് ഇന്‍സ്പെക്ടറായിരുന്ന പി പി നിര്‍മ്മലയുടെ പരാതിയിലാണ് മുഹമ്മദ് അഷ് റഫിനെതിരെ കേസെടുത്തിരുന്നത്.
കുട്ടിയെ പടന്നയിലെ ഭര്‍തൃ വീട്ടില്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നും വിട്ടു തരുന്നില്ലെന്നും ചൂണ്ടിക്കാട്ടി യുവതി വനിതാ എസ്. ഐക്ക് പരാതി നല്‍കിയിരുന്നു. ഇതേ കുറിച്ച് അന്വേഷിക്കാന്‍ പടന്നയിലെ വീട്ടില്‍ ചെന്ന എസ്.ഐയെ ഭര്‍തൃ സഹോദരനായ മുഹമ്മദ് അഷ് റഫ് തടഞ്ഞുവെക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.