ആഫ്രിക്കയില്‍ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ പനയാല്‍ സ്വദേശി അടക്കം 10 ഇന്ത്യക്കാരെ മോചിപ്പിച്ചു
പനയാല്‍ അമ്പങ്ങാട് കോട്ടപ്പാറയിലെ രജീന്ദ്രന്‍ ഭാര്‍ഗവന്‍ ഉള്‍പ്പെടെയുള്ളവരാണ് മോചിതരായത്.

ബേക്കല്‍: ആഫ്രിക്കയില്‍ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ പനയാല്‍ സ്വദേശി അടക്കം 10 ഇന്ത്യക്കാരെ മോചിപ്പിച്ചു. പനയാല്‍ അമ്പങ്ങാട് കോട്ടപ്പാറയിലെ രജീന്ദ്രന്‍ ഭാര്‍ഗവന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് മോചിതരായത്. വിഷുദിനത്തില്‍ രജീന്ദ്രന്‍ വീട്ടിലേക്ക് വിളിച്ച് തങ്ങള്‍ മോചിതരായ വിവരം അറിയിക്കുകയായിരുന്നു.
മാര്‍ച്ച് 17ന് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ റോമേ തുറമുഖത്ത് നിന്ന് കാമറൂണിലേക്ക് പോകുന്നതിനിടെ വിറ്റൂ റിവര്‍ എന്ന ചരക്കുകപ്പലിലെ ജീവനക്കാരെ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രജീന്ദ്രന്‍ അടക്കമുള്ള 10 ഇന്ത്യക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. 28 ദിവസത്തിന് ശേഷമാണ് ഇവരെ വിട്ടയച്ചിരിക്കുന്നത്.
രജീന്ദ്രനെ കൂടാതെ മലയാളികളായ അസിഫ് അലി, തമിഴ് നാട് സ്വദേശികളായ പ്രദീപ് മുരുകന്‍, സതീഷ് കുമാര്‍ ശെല്‍വരാജ്, ബിഹാര്‍ സ്വദേശി സന്ദീപ് കുമാര്‍ സിങ്ങ്, മഹാരാഷ്ട്ര സ്വദേശി സമീന്‍ ജാവിദ്, സോള്‍ക്കര്‍ റിഹാന്‍ ഷബീര്‍ എന്നിവരെയും തട്ടിക്കൊണ്ടുപോയിരുന്നു. ഇവരും മോചിതരായി.
കടല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ സംഭവമായതിനാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ഓഫീസില്‍ ഹാജരാകുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ട്. ഇതിന് ശേഷം മാത്രമേ എല്ലാവര്‍ക്കും വീടുകളിലെത്താന്‍ കഴിയൂ.
മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ സംഭവം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പാര്‍ലമെന്റിന്റെ ശൂന്യവേളയില്‍ അവതരിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ എംബസി മുഖാന്തിരം നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് മോചനത്തിനുള്ള നടപടികള്‍ വേഗത്തിലായത്. ചൊവ്വാഴ്ചയോടെ ഇന്ത്യക്കാര്‍ മുംബൈയിലെത്തുമെന്നാണ് വിവരം.