തളങ്കര: അഞ്ചുകോടി രൂപ ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ആദ്യ സഹായം വെല്‍ഫിറ്റ് ഗ്രൂപ്പിന്റെയും സ്കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെയും വക.
രണ്ടുക്ലാസുകളിലേക്ക് ആവശ്യമായ മുഴുവന്‍ ബെഞ്ചും ഡെസ്കുകളും മേശയും കസേരയും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്മാന് യഹ്യ തളങ്കര സംഭാവന ചെയ്തു. മറ്റൊരു ക്ലാസിലേക്കുള്ള മുഴുവന്‍ ഡെസ്കും ബെഞ്ചും യഹ്യ തളങ്കര പ്രസിഡണ്ടായുള്ള സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന വകയായും നല്കി. ആധുനിക രീതിയില്‍ നിര്‍മ്മിച്ച ഉപകരണങ്ങളാണ് ഇവ. പുതിയ കെട്ടിടത്തില്‍ 21 ക്ലാസ് മുറികളാണ് ഉള്ളത്.
ഈ ക്ലാസുകളിലേക്ക് നഗരസഭ, വിവിധ ക്ലാസ്മേറ്റ്സ് കൂട്ടായ്മകള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് ബെഞ്ചും ഡെസ്കും അടക്കമുള്ള ഫര്‍ണീച്ചറുകള്‍ ലഭ്യമാക്കാനുള്ള ശ്രമം തുടരുകയാണെന്നും എല്ലാവരില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും പി.ടി.എ. പ്രസിഡണ്ട് റാഷിദ് പൂരണം അറിയിച്ചു.