കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തു. ആറ് കത്യൂഷ റോക്കറ്റുകളാണ് തിങ്കളാഴ്ച നടന്ന ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഐ.എസ്.ഐ.എസ് വ്യക്തമാക്കി. ഐ.എസ്.ഐ.എസിന്റെ വാര്‍ത്തകള്‍ പുറത്തുവിടുന്ന അമാക് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
കാബൂള്‍ വിമാനത്താവളത്തോട് ചേര്‍ന്നാണ് തിങ്കളാഴ്ച സ്ഫോടനം നടന്നത്. ആറ് റോക്കറ്റുകളാണ് വിമാനത്താവളത്തെ ലക്ഷ്യമിട്ടതെന്നും അതിലൊന്ന് തങ്ങളുടെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തെന്നും യു.എസ് സൈന്യം അറിയിച്ചു. എന്നാല്‍ ആക്രമണം നടന്നെങ്കിലും യു.എസ് സൈന്യത്തിന്റെ സി-17 ചരക്ക് വിമാനം ഹമിദ് കര്‍സായ് വിമാനത്താവളത്തില്‍ ഇറങ്ങുകയും ചരക്ക് കയറ്റി പോവുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയും വിമാനത്താവളത്തിനെതിരേ ഐ.എസ്.ഐ.എസ് ആക്രമണം നടത്തിയിരുന്നു. 169 അഫ്ഗാന്‍കാര്‍ കൊല്ലപ്പെട്ട ചാവേര്‍ സ്ഫോടനത്തില്‍ 13 യു.എസ് ഭടന്മാര്ക്കും ജീവന് നഷ്ടപ്പെട്ടിരുന്നു. താലിബാന് അധികാരത്തിലേറിയ ശേഷം അഫ്ഗാനിസ്ഥാനില്‍ സ്ഫോടനങ്ങളും ആക്രമണങ്ങളും തുടരുകയാണ്.