ന്യൂയോര്‍ക്ക്: ഐഡ ചുഴലിക്കാറ്റ് ഭീഷണിയില്‍ അമേരിക്ക. ഏറ്റവും അപകടകരമായ കാറ്റഗറി നാലില്‍ പെട്ട കൊടുങ്കാറ്റായ ഐഡ അമേരിക്കയില്‍ കനത്ത നാശം വിതക്കുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയിലാണ് കൊടുങ്കാറ്റ് വീശിയടിക്കുന്നതെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. അതിനിടെ ഐഡ ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി ബൈഡന് ഭരണകൂടം പ്രഖ്യാപിച്ചു.
ന്യൂ ഓര്‍ലിയന്‍സ് ഉള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ ലൂസിയാനയിലെ എല്ലാ പ്രദേശങ്ങളിലും വൈദ്യുത പ്രക്ഷേപണ ലൈനുകള്‍ വിച്ഛേദിക്കപ്പെട്ടു. ഒരു ട്രാന്സ്മിഷന് ലൈന്‍ മിസിസിപ്പി നദിയിലേക്ക് വീണിട്ടുണ്ട്. നഗരത്തിലെ ഏഴര ലക്ഷത്തോളം താമസക്കാര്‍ക്ക് വൈദ്യുതി വിഛേദിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതോടെ കുടിവെള്ള വിതരണം ഉള്‍പ്പടെയുള്ളവ തടസപ്പെട്ടു.
ഞായറാഴ്ച്ച രാത്രി ആരംഭിച്ച കൊടുങ്കാറ്റ് മറ്റു പ്രദേശങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ന്യൂ ഓര്‍ലിയാന്‍സിലും കൊടുങ്കാറ്റ് വലിയ നാശനഷ്ടമുണ്ടാക്കി. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ഇവിടുത്തെ പത്ത് ലക്ഷത്തോളം താമസക്കാര്‍ക്കും വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.