കോഴിക്കോട്: മുസ്ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ മതസംഘടനയാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയുമായി എം.കെ. മുനീര്‍ എം.എല്‍.എ.
പിണറായി വിജയന് കമ്മ്യൂണിസ്റ്റാണോ എന്ന് അദ്ദേഹം. ചോദിച്ചു. പിണറായി പറയുന്നതെല്ലാം വാസ്തവ വിരുദ്ധമാണെന്നും ലീഗിന്റെ തലയില്‍ കയറാന്‍ ശ്രമിക്കേണ്ടെന്നും മുനീര്‍ പ്രതികരിച്ചു.
‘പിണറായിയുടെ ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട. വീട്ടില്‍ മതി. ഇ.എം.എസിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. ഇത് രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥലകാല ഭ്രമമാണ്. മുഖ്യമന്ത്രിയുടേത് ഏറ്റവും തരം താഴ്ന്ന രാഷ്ട്രീയമാണ്. ലീഗ് ഓടിളക്കിയല്ല സഭയിലെത്തിയത്. മുസ്ലീം ലീഗ് മിണ്ടണ്ട എന്ന് പറഞ്ഞാല്‍ ഞങ്ങളിനി സഭയില്‍ ഇടപെടണ്ട എന്നാണോ? മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു’- മുനീര്‍ ആഞ്ഞടിച്ചു. ലീഗിന്റെ തലയില്‍ കയറി നിരങ്ങണ്ട.
പള്ളിയില്‍ ലീഗ് സംസാരിച്ചാല്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രിസ്തീയ സമൂഹം പള്ളികളില്‍ ഇടയലേഖനം വായിക്കാറില്ലേ? ഒരു സമുദായം മാത്രം ഒന്നും മിണ്ടാന്‍ പാടില്ലെന്ന് പറയുന്നു. മുഖ്യമന്ത്രി മതങ്ങളെ ഹൈജാക്ക് ചെയ്യുകയാണ്. മതനിരാസം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മുനീര്‍ പറഞ്ഞു.
കമ്മ്യൂണിസത്തിന്റെ പഴയകാല നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന് കമ്മ്യൂണിസ്റ്റല്ല എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അങ്ങനെ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ഭൂരിഭാഗം അണികളും കരുതുന്നതെന്നും കൂട്ടിച്ചേര്‍ത്ത മുനീര്‍, മുസ്ലിംലീഗിന്റെ മഹാസമ്മേളനം കണ്ട് മുഖ്യമന്ത്രി വിഭ്രാന്തി പൂണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.