കൊച്ചി: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഫണ്ട് പിരിവ് നിയന്ത്രിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ നാഷ്ണല്‍ ലീഗ് (ഐഎന്‍എല്‍). ഇതിന് സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആരാധനാലയങ്ങളില്‍ നിന്നടക്കം കോടികള്‍ മാഹരിച്ച് തിരിമറി നടത്തിയെന്ന ആരോപണം പല നിരവധി തവണകളായി ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഐഎന്‍എല്ലിന്റെ ആവശ്യം.
കത്വവ ഫണ്ട് അടക്കമുള്ള ഫണ്ടുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി വെട്ടിപ്പിനും അഴിമതിക്കും നേതൃത്വം കൊടുത്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. സമുദായ ചൂഷണത്തിന് ആരാധനാലയങ്ങള്‍ മറയാക്കുന്ന ശൈലി ഇനിയും തുടരാന്‍ അനുവദിക്കരുതെന്നും എണറാകുളത്ത് ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗുജറാത്ത്, ഭഗല്‍പൂര്‍, സുനാമി, പ്രളയം, ഖത്വ-ഉന്നാവോ എന്നിവയുടെ പേരില്‍ നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നുമായി സമാഹരിച്ച കോടികളുടെ ഫണ്ട് മുസ്ലിം ലീഗ് വീതം വെച്ചെടുത്തിയിരിക്കയാണെന്ന് യോഗം ആരോപിച്ചു. ഇവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം.
സൗദിയിലേക്ക് പുറപ്പെട്ട് യു.എ.ഇയില്‍ കുടുങ്ങിയ അനേകം മലയാളികളെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഈ വിഷയത്തില്‍ കേരളത്തില്‍നിന്നുള്ള എം.പിമാര്‍ സര്ക്കാരിന്മേല് സമ്മര്‍ദം ചെലുത്തണമെന്നും ഐ.എന്‍.എല്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രെഫ. എ.പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു.