തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി കണ്ടുവെച്ചിരുന്ന ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. വിദേശ പണമിടപാട് നിയമലംഘനത്തിന്റെ പേരിലാണ് ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. 500 കോടി രൂപയുടെ വിദേശ പണമിടപാട് നിയമം ലംഘിച്ച് നടന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആദായനികുതി വകുപ്പ് മുന്‍കരുതല്‍ എന്ന നിലയില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ആസ്തിവകകള്‍ കണ്ടുകെട്ടിയത്. ഇതോടെ വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിലായി.
ശബരിമല വിമാനത്താവള പദ്ധതി പ്രദേശം കൂടി ഉള്‍പ്പെട്ട 2000 ഏക്കര്‍ ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. നികുതി കുടിശിക അടച്ചില്ലെങ്കില്‍ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പിന്റെ കൈയ്യിലാകാനാണ് സാധ്യത. ഹാരിസണ്‍ മലയാളവുമായി ഉടമസ്ഥാവകാശ തര്‍ക്കമുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി പണം കൊടുത്ത് വാങ്ങാനായിരുന്നു സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം വിവാദമായിരുന്നു.
അനധികൃത വിദേശ സഹായം കൈപ്പറ്റിയ സംഭവത്തില്‍ മൊഴി നല്കാന് ഹാജരാകണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് ബിലീവേഴ്സ് ചര്‍ച്ച് ബിഷപ്പ് കെ.പി യോഹന്നാന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഡിസംബര്‍ ആദ്യ വാരത്തോടെ മൊഴിയെടുപ്പിന് എത്താമെന്നും കാണിച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്സിന് യോഹന്നാന് കത്ത് അയക്കുകയായിരുന്നു.
ഇപ്പോള്‍ അമേരിക്കയിലെ ടെക്സസിലെ ഗോസ്പല്‍ ഫോര്‍ ഏഷ്യ ആസ്ഥാനത്താണ് യോഹന്നാനുളളത്. ബിലീവേഴ്സ് ചര്‍ച്ചിന്റെ പല സ്ഥാപനങ്ങളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള രേഖകളും റെയ്ഡില്‍ കണ്ടെത്തിയിരുന്നു. യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചാരിറ്റി സ്ഥാപനങ്ങളുടെ മറവില്‍ വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.