കരുതലിന്റെ മാതൃകാപാഠവുമായി സി.ജെ ഹോം പദ്ധതി; മൂന്നാമത് വീടിന്റെ താക്കോല്‍ സ്പീക്കര്‍ കൈമാറി
ചെമ്മനാട് ജമാ അത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്റ്റാഫ് കൗണ്‍സില്‍, സ്‌കൂള്‍ മാനേജ്‌മെന്റ് , പി.ടി.എ, ഒ.എസ്.എ എന്നിവയുടെ സഹകരണത്തോടെയാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ബേക്കൽ: ക്ലാസ് മുറികളിലെ പാഠപുസ്തക പഠനത്തിനപ്പുറം മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായുള്ള സി.ജെ ഹോം പദ്ധതിയിലൂടെ മൂന്നാമത്തെ വീടെന്ന സ്വപ്‌നവും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. സ്‌കൂള്‍ കൂട്ടായ്മ കൈകോര്‍ത്ത് തൃക്കണ്ണാട് നിര്‍മിച്ച വീടിന്റെ താക്കോല്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കൈമാറി. വിദ്യാര്‍ഥികള്‍ സഹപാഠികളോട് എങ്ങനെ സഹാനുഭൂതിയുള്ളവരായിരിക്കണമെന്നതിനുള്ള ഉദാഹരണമാണ് സി.ജെ ഹോം പദ്ധതിയിലൂടെ ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ നടത്തിവരുന്ന പ്രവര്‍ത്തനമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു.
'താങ്ങാവാന്‍ തണലാവാന്‍ സഹപാഠിക്കൊരു വീട്' എന്ന പ്രമേയത്തില്‍ ചെമ്മനാട് ജമാഅത്ത് സ്‌കൂളിലെ വിവിധ യൂണിറ്റുകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ രൂപീകരിച്ച സി.ജെ ഹോം പദ്ധതിയിലൂടെ സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് തണലൊരുക്കുന്നത് തുടരുകയാണ്.
തൃക്കണ്ണാട് സി.ജെ ഹോം പരിസരത്ത് നടന്ന പ്രൗഢ്വോജ്ജ്വല ചടങ്ങില്‍ സി.ജെ ഹോം ചെയര്‍മാന്‍ പി.എം അബ്ദുള്ള അധ്യക്ഷത വഹിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജറും മുന്‍മന്ത്രിയുമായ സി.ടി അഹമ്മദലി എന്നിവര്‍ മുഖ്യാതിഥികളായി. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി , ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗവും ചെമ്മനാട് ജമാഅത്ത് സെക്രട്ടറിയുമായ എന്‍.എ ബദറുല്‍ മുനിര്‍, ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം ഹാരിസ് അങ്കകളരി, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗം അമീര്‍ പാലോത്ത് , 32 കേരള ബറ്റാലിയന്‍ കമാന്‍ഡിങ്ങ് ഓഫീസര്‍ കേണല്‍ സജീന്ദ്രന്‍, സി ജെ എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ ഡോ. എ സുകുമാരന്‍ നായര്‍ , എം.പി.ടി.എ പ്രസിഡണ്ട് നസീമ, തൃക്കണ്ണാട് യുവശക്തി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് ദിനേശന്‍, ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് എന്‍. ഷൈനിമോള്‍, ഡി.സി.സി സെക്രട്ടറി വി.ആര്‍ വിദ്യാസാഗര്‍, മുസ്ലീം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ .ബി.എം ഷെരീഫ്, ജമാ അത്ത് കമ്മിറ്റി ട്രഷറര്‍ സി.എം മുസ്തഫ, സ്‌കൂള്‍ കണ്‍വീനര്‍ സി.എച്ച് റഫീഖ്, ഒ.എസ്.എ പ്രസിഡണ്ട് മുജീബ് അഹ്‌മദ്, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ സമീര്‍ കാങ്കുഴി, വി.പ്രഭാകരന്‍, മുന്‍ പ്രിന്‍സിപ്പാള്‍ കെ.മുഹമ്മദ്ദ്കുഞ്ഞി മാസ്റ്റര്‍, സീനിയര്‍ അസിസ്റ്റന്റുമാരായ എന്‍. മധുസൂദനന്‍, ബോബി ജോസ്, സ്റ്റാഫ് സെക്രട്ടറിമാരായ കെ സുജാത, മണികണ്ഠന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സി.ജെ ഹോം പദ്ധതി കണ്‍വീനര്‍ കെ വിജയന്‍ സ്വാഗതവും വര്‍ക്കിംഗ് കണ്‍വീനര്‍ പി ശ്രീജിത്ത് നന്ദിയും പറഞ്ഞു.
ചെമ്മനാട് ജമാ അത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്റ്റാഫ് കൗണ്‍സില്‍, സ്‌കൂള്‍ മാനേജ്‌മെന്റ് , പി.ടി.എ, ഒ.എസ്.എ എന്നിവയുടെ സഹകരണത്തോടെയാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികള്‍ തന്നെ മുന്നിട്ടിറങ്ങി തുടക്കം കുറിച്ച ഈ പദ്ധതിയിലെ ആദ്യ രണ്ട് വീടുകളില്‍ ഒന്ന് സ്‌കൂളിലെ നിര്‍ധനരായ ഒരു വിദ്യാര്‍ത്ഥിക്കും പഠനത്തിനിടയില്‍ അപകടത്തില്‍ മരണപ്പെട്ട സഹപാഠിയുടെ നിര്‍ധനരായ കുടുംബത്തിനും നല്‍കിയിരുന്നു. നാലാം വീടിന്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.