വാഷിങ്ടണ്‍: ദാരിദ്ര്യം വേട്ടയാടുന്ന കരീബിയന്‍ രാജ്യമായ ഹെയ്തിയെ നടുക്കി പ്രസിഡന്റിന്റെ കൊല. രാത്രി പോര്‍ട്ടോ പ്രിന്‍സിലെ വസതിയില്‍ അതിക്രമിച്ചുകയറിയ അജ്ഞാത സംഘം പ്രസിഡന്റ് ജൊവനല്‍ മോയിസിനെ വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നു. ഭാര്യക്ക് പരിക്കേറ്റിട്ടുണ്ട്. ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫാണ് കൊലപാതക വിവരം അറിയിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ് മോസിന്റെ ഭാര്യ ആശുപത്രിയിലാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
കടുത്ത ദാരിദ്ര്യം വേട്ടയാടുന്ന രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത വലിയ പ്രശ്നം മായി തുടരുന്നതിനിടെയാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി പ്രസിഡന്റിന്റെ കൊലപാതകം നടക്കുന്നത്. 2018ല്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും, തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മോസ് പ്രസിഡന്റായി തുടരുകയായിരുന്നു. മോസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ നടന്നുവരികയായിരുന്നു.
തെരുവുകള്‍ കീഴടക്കി കൊള്ളസംഘങ്ങള്‍ വാഴുന്ന രാജ്യത്ത് പോലീസിന് നിയന്ത്രണം ഏറ്റെടുക്കാനാവാത്ത വിധം കഠിനമായ രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുകയാണ്. 2017ല്‍ അധികാരമേറ്റതു മുതല്‍ മോയ്സിനെതിരെ ശക്തമായ പ്രക്ഷോഭം രാജ്യത്ത് തുടരുന്നുണ്ട്?. ഏകാധിപത്യം സ്ഥാപിക്കാന്‍ മോയ്സ് ശ്രമം നടത്തുന്നുവെന്നായിരുന്നു ആക്ഷേപം.
ഇംഗ്ലീഷും സ്പാനിഷും സംസാരിക്കുന്ന വിദേശികളാണ് പ്രസിഡന്റിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രധാനമന്ത്രി ജോസഫ് പറയുന്നത്. രാജ്യത്തിന്റെ ഭരണം താന്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ശാന്തത പാലിക്കണമെന്നും പോലീസും സൈന്യവും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.