തൃശൂര്‍: ധാത്രി ഓയില്‍ ഉപയോഗിച്ചിട്ട് മുടി വളരാത്തതിനെ തുടര്‍ന്ന് ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാന് വിധി. ധാത്രി കമ്പനിയും പരസ്യത്തില്‍ അഭിനയിച്ച അനൂപ് മേനോനും 10,000 രൂപ വീതവും ഉത്പന്നം വിറ്റ മെഡിക്കല്‍ ഷോപ്പ് ഉടമ 3ം000 രൂപയും ഉപഭോക്താവിന് നല്‍കണമെന്നാണ് വിധി. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നടപടി സ്വീകരിച്ചത്. വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കനാണ് തെറ്റായ പരസ്യം നല്‍കിയെന്ന പരാതിയുമായി കമ്മീഷനെ സമീപിച്ചത്. എറണാകുളം വെണ്ണലയിലെ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍, പരസ്യത്തില്‍ അഭിനയിച്ച നടന് അനൂപ് മേനോന്, ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവരാണ് പിഴ അടക്കേണ്ടത്. പിഴത്തുക ഉപഭോക്താവിന് നല്‍കണം.
ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. മുടി വളരുമെന്ന പരസ്യം കണ്ട് ഹെയര്‍ ഓയില്‍ വാങ്ങുന്നത് ഫ്രാന്‍സിസ് വടക്കന്‍ പതിവാക്കിയിരുന്നു. എന്നാല്‍ എത്ര ഉപയോഗിച്ചിട്ടും മുടി മാത്രം വളര്‍ന്നില്ല. തുടര്‍ന്ന് ബില്ലുകള്‍ സഹിതം ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നും വീട്ടില്‍ നിന്ന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുള്ളതെന്നുമായിരുന്നു മറുപടി. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമാ താരങ്ങളും കായിക താരങ്ങളും അടക്കമുള്ളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കി.
ആറ് ആഴ്ചകള്‍ കൊണ്ട് മുടി വളരുമെന്നായിരുന്നു അനൂപ് മേനോന് പരസ്യത്തില്‍ പറഞ്ഞത്. ഇതുകണ്ട് വടക്കന്‍ 2013ലാണ് ധാത്രി ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ മുടി വളര്‍ന്നില്ല. തുടര്‍ച്ചായി ഓയില്‍ വാങ്ങുന്നത് കണ്ട് നാട്ടുകാരും കളിയാക്കി തുടങ്ങി. ഇതോടെയാണ് സംഭവത്തില്‍ പ്രതികരിക്കണമെന്ന് തോന്നിയത്. തുടര്‍ന്ന് അഞ്ചു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധാത്രിക്ക് നോട്ടീസ് അയച്ചു. നോട്ടീസ് കിട്ടിയ ഉടന്‍ കമ്പനി പരസ്യം ഒഴിവാക്കിയിരുന്നുവെന്ന് ഫ്രാന്‍സിസ് പറയുന്നു.
2014ലാണ് വടക്കന്‍ കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഏഴു വര്‍ഷത്തിന് ശേഷം വധി വന്നത്. പണത്തിന് വേണ്ടിയല്ല കോടതിയില്‍ പോയതെന്നും പോരാടി വിജയിക്കുകയായിരുന്നു ലക്ഷ്യമെന്നും ഫ്രാന്‍സിസ് പറഞ്ഞു. പരസ്യം കണ്ട് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്ന പലരും അതിന്റെ ഗുണനിലവാരം നോക്കാറില്ല. ഇത്തര പരസ്യങ്ങള്‍ക്കെതിരേ പ്രതികരിക്കണം. ഈ വിധി വന്നപ്പോള്‍ മലയാള മാധ്യമങ്ങളെ സമീപിച്ചിരുന്നുവെന്നും പക്ഷെ, വാര്‍ത്ത കൊടുക്കാന്‍ പലരും തയാറായില്ലെന്നും എല്ലാവരും പരസ്യത്തിന് വേണ്ടി വാര്‍ത്ത അവഗണിക്കുകയായിരുന്നുവെന്നും ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു.