ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്ന കാസര്‍കോട് ജില്ലയില്‍ നിന്ന് അടുത്തിടെ പുറത്തു വരുന്ന വിവരങ്ങള്‍ ആശ്വാസമേകുന്നതാണ്. ജില്ലയില്‍ ഭൂഗര്‍ഭ ജലനിരക്ക് ഒമ്പത് മീറ്റര്‍ വരെ ഉയര്‍ന്നതായി കേന്ദ്രജല ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. രണ്ട് വര്‍ഷം മുമ്പ് ജില്ലയിലെ ഭൂഗര്‍ഭജല നിരക്ക് അപായനിലയിലെത്തിയേടത്ത് നിന്നാണ് ഇപ്പോള്‍ ഒമ്പത് മീറ്റര്‍ വരെ ഉയര്‍ന്നത്. കഴിഞ്ഞ ഏതാനും വര്‍ഷമായി നടപ്പിലാക്കിയ ജലസംരക്ഷണ പദ്ധതികളുടെ ഫലമായാണിതെന്ന് വ്യക്തമാണ്. മഞ്ചേശ്വരം ബ്ലോക്കില്‍ കിണറുകളില്‍ പരമാവധി ആറ് മീറ്റര്‍ വരെയും കാറഡുക്കയില്‍ മൂന്ന് മീറ്റര്‍, കാഞ്ഞങ്ങാട് അഞ്ചുമീറ്റര്‍ , നീലേശ്വരം ആറരമീറ്റര്‍, കാസര്‍കോട് ഏഴ്, പരപ്പ നാല് മീറ്റര്‍ വരെയുമാണ് കിണറുകളിലെ ജലനിരപ്പ് ഉയര്‍ന്നത്. കുഴല്‍കിണറുകളിലും ആനുപാതികമായി ജലനിരപ്പ് ഉയര്‍ന്നു. ജില്ലാ ഭരണകൂടം നടപ്പാക്കിയ ചെറുതടയണകളുടെ നിര്‍മ്മാണം, പള്ളങ്ങള്‍ വീണ്ടെടുക്കല്‍, തീറ്റപ്പുല്‍കൃഷി, മുളവെച്ച് പിടിപ്പിക്കല്‍ തുടങ്ങിയ ജലസംരക്ഷണ പദ്ധതികളാണ് ഫലം കണ്ടത്.
ജലാധിഷ്ഠിത വികസനാസൂത്രണത്തിന്റെ നവീന മാതൃകയാണിത്. ജില്ലയിലെ ആറ് ബ്ലോക്കുകളില്‍ ഭൂഗര്‍ഭ ജലവകുപ്പ് രണ്ട് വര്‍ഷമായി നടത്തിയ പഠനത്തിലാണ് ഭൂഗര്‍ഭ ജല നിരക്ക് ഉയര്‍ന്നതായി കണ്ടെത്തിയത്. അശാസ്ത്രീയവും മുന്‍കരുതലുകളുമില്ലാത്ത ജലവിനിയോഗം മൂലമാണ് ജില്ലയിലെ ഭൂഗര്‍ഭജലം വറ്റിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുഴല്‍കിണറുകളും വെള്ളമില്ലാത്ത കുഴല്‍ കിണറുകളും ഉള്ള ജില്ല കാസര്‍കോടാണ്. അനിയന്ത്രിതമായ രീതിയില്‍ ഭൂഗര്ഭജം വ്യാപകമായി വിനിയോഗിക്കുകയും അതേ സമയം ആനുപാതികമായി പ്രകൃതിദത്തമായ രീതിയില്‍ മഴവെള്ളം ഭൂമിയിലേക്ക് റീചാര്‍ജ് ചെയ്യപ്പെടാത്തതുമാണ് ഭൂഗര്‍ഭജലം അപകടകരമാംവിധം താഴാന്‍ കാരണം. ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ജില്ലകളിലൊന്നാണ് കാസര്‍കോട്. മറ്റൊന്ന് പാലക്കാടുമാണ്. ജില്ലയിലെ ജലവിതാനം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജലശക്തി അഭിയാന്റെ കീഴില്‍ നല്ല പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചത്. കാസര്‍കോട് ജില്ലയില്‍ 90 ശതമാനം ഭൂഗര്‍ഭജലവും ഉപയോഗിച്ച് കഴിഞ്ഞതായി മുമ്പ് പഠന റിപ്പോര്‍ട്ട് വന്നിരുന്നു.
കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെയാണ് ജലവിതാനം ഉയര്‍ന്നു തുടങ്ങിയത്. എക്കാലത്തും വെള്ളം കിട്ടിയിരുന്ന സുരങ്കങ്ങള്‍ എന്ന തുരങ്കങ്ങളായിരുന്നു കാസര്‍കോടിന്റെ ഒരു കാലത്തെ ജലസമൃദ്ധിയുടെ അടയാളങ്ങള്‍. എന്നാല്‍ വ്യാപകമായി കുഴല്‍കിണറുകള്‍ കുഴിച്ചതോടെ തുരങ്കങ്ങള്‍ വറ്റിപ്പോവുകയായിരുന്നു. കാലവര്‍ഷം കുറഞ്ഞതും തുലാവര്‍ഷം ഇല്ലാതായതുമൊക്കെ ജലലഭ്യതയെ ബാധിക്കുന്നു. കാലവര്‍ഷക്കാലത്ത് കിട്ടുന്ന മഴ വെള്ളമത്രയും കടലിലേക്ക് ഒഴുകിപ്പോവുകയും ചെയ്യുന്നു. വളരെ അമൂല്യമായ പ്രകൃതി വിഭവമാണ് ജലം. മനുഷ്യ ജീവന് നിലനിര്‍ത്തുന്നതിന് ജലം അത്യാവശ്യമാണ്. അത് സംരക്ഷിക്കാനായില്ലെങ്കില്‍ ഭാവിയില്‍ നമുക്ക് വലിയ വില നല്‍കേണ്ടി വരും.
കുഴല്കിണറുകള്ക് പിന്നാലെ പോവാതെ നിലവിലുള്ള കുളങ്ങളും കിണറുകളും സംരക്ഷിക്കാന്‍ തയ്യാറായാല്‍ തന്നെ ഭൂഗര്‍ഭജലത്തെ കണക്കറ്റ് ആശ്രയിക്കുന്നത് ഒഴിവാക്കാനാവും. എന്തായാലും കേന്ദ്രജല ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ട് ആശ്വാസമരുളുന്നത് തന്നെ. ഇനിയും ഇതേ രീതിയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മുന്നോട്ട് പോകാനാവണം.