ജിദ്ദ: രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച് സൗദിയിലെത്തുന്നവര്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ്. സൗദിയിലെത്തുന്ന വിദേശികള്‍ യാത്രക്ക് മുമ്പായി തങ്ങളുടെ വാക്സിന് പൂര്‍ത്തിയാക്കിയ വിവരങ്ങള്‍ പ്രത്യേകം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാന കമ്പനികള്‍ക്കയച്ച പ്രത്യേക സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. ‘മുഖീം’ പോര്‍ട്ടലിലെ https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിലൂടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം.
സൗദിയില്‍ അംഗീകരിച്ച ഫൈസര്‍ ബൈനോട്ടക്, ഓക്സ്ഫോര്‍ഡ് ആസ്ട്ര സെനക (കോവിഷീല്‍ഡ്), മൊഡേണ എന്നീ വാക്സിനുകളുടെ രണ്ടു ഡോസുകളും ജോണ്സന് വാക്സിന്റെ ഒറ്റ ഡോസും എടുത്ത ശേഷം 14 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയവരാണ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതല്ലാത്ത മറ്റു വാക്സിനുകള്‍ എടുത്തവരുടെ രജിസ്ട്രേഷന് സ്വീകരിക്കില്ല. ഇത്തരത്തില്‍ രജിസ്ട്രേഷന് വിജയകരമായി പൂര്‍ത്തിയാക്കി സൗദിയിലെത്തുന്നവര്‍ക്ക് നാളെ മുതല്‍ രാജ്യത്ത് നടപ്പാക്കുന്ന ഒരാഴ്ചത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈന് (ഹോട്ടല്‍ വാസം) ആവശ്യമില്ല.
വാക്സിനേഷന് പൂര്‍ത്തിയാക്കി എന്ന് സാക്ഷ്യപ്പെടുത്തുന്ന അതാത് രാജ്യത്തെ ആരോഗ്യ മന്ത്രാലയം ഇഷ്യൂ ചെയ്യുന്ന സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ പ്രത്യേകം കയ്യില്‍ കരുതുകയും സൗദിയിലെത്തിയാല്‍ അധികൃതരെ കാണിക്കുകയും വേണം. യാത്രാ വിലക്ക് നിലനില്‍ക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിലക്കില്ലാത്ത മറ്റു രാജ്യങ്ങളില്‍ 14 ദിവസങ്ങള്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ സൗദിയില്‍ നേരിട്ട് പ്രവേശിക്കാനാവൂ.
നാളെ മുതല്‍ രാജ്യത്തെത്തുന്ന വിദേശികളില്‍ വാക്സിനേഷന് പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈന് (ഹോട്ടല്‍ വാസം) നിര്ബന്ധമായിരിക്കുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടനുബന്ധിച്ചാണ് പുതിയ രജിസ്ട്രേഷന് സംവിധാനം നിലവില്‍ വന്നത്. എന്നാല്‍ സ്വദേശികള്‍, കോവിഡിനെതിരെയുള്ള കുത്തിവെപ്പെടുത്തവര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, നയതന്ത്ര സ്ഥാപനത്തിന് കീഴില്‍ വിസയുള്ളവര്‍, അവരുടെ കുടുംബാംഗങ്ങള്‍, വിമാന ജോലിക്കാര്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കപ്പല്‍ ജീവനക്കാര്‍, അതിര്‍ത്തികള്‍ കടന്നെത്തുന്ന ചരക്ക് വാഹനങ്ങളിലെ ട്രക്ക് ഡ്രൈവര്‍മാര്‍, അവരുടെ സഹായികള്‍ എന്നിവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് ഒഴിവാക്കിയിട്ടുണ്ട്.