എം.എ. റഹ്്മാന്‍ എന്ന എഴുത്തുകാരന്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വേദന ഒപ്പിയെടുക്കാന്‍ തന്റെ തൂലികയിലെ പരമാവധി അക്ഷരങ്ങളും പലപ്പോഴായി പുറത്തെടുത്ത പ്രമുഖ എഴുത്തുകാരന്‍ പ്രൊഫ. എം.എ റഹ്‌മാനെ തേടി കേരള സാഹിത്യ അക്കാദമിയുടെ 'സമഗ്ര സംഭാവന'ക്കുള്ള പുരസ്‌കാരം എത്തിയപ്പോള്‍ ഉദുമക്കാര്‍ അത് തങ്ങളുടെ സ്വകാര്യ അഹങ്കാരമായി അകം നിറഞ്ഞ് ആനന്ദിക്കുകയാണ്. 'ഓടക്കുഴ'ലിനു പിന്നാലെ 'സമഗ്ര സംഭാവന' പുരസ്‌കാരവും പ്രൊഫ. എം.എ. റഹ്‌മാന്‍ വഴി പിന്നോക്ക ജില്ലയിലേക്കെത്തി. നമിക്കണം നമ്മള്‍ എഴുത്തിന്റെ പ്രഭ നിറഞ്ഞ ആ സാംസ്‌കാരിക നായകനെ. 'ആര്‍ക്കും ചരിത്രം സൃഷ്ടിക്കാം-ഒരു മഹാനു മാത്രമേ […]

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വേദന ഒപ്പിയെടുക്കാന്‍ തന്റെ തൂലികയിലെ പരമാവധി അക്ഷരങ്ങളും പലപ്പോഴായി പുറത്തെടുത്ത പ്രമുഖ എഴുത്തുകാരന്‍ പ്രൊഫ. എം.എ റഹ്‌മാനെ തേടി കേരള സാഹിത്യ അക്കാദമിയുടെ 'സമഗ്ര സംഭാവന'ക്കുള്ള പുരസ്‌കാരം എത്തിയപ്പോള്‍ ഉദുമക്കാര്‍ അത് തങ്ങളുടെ സ്വകാര്യ അഹങ്കാരമായി അകം നിറഞ്ഞ് ആനന്ദിക്കുകയാണ്.
'ഓടക്കുഴ'ലിനു പിന്നാലെ 'സമഗ്ര സംഭാവന' പുരസ്‌കാരവും പ്രൊഫ. എം.എ. റഹ്‌മാന്‍ വഴി പിന്നോക്ക ജില്ലയിലേക്കെത്തി. നമിക്കണം നമ്മള്‍ എഴുത്തിന്റെ പ്രഭ നിറഞ്ഞ ആ സാംസ്‌കാരിക നായകനെ.
'ആര്‍ക്കും ചരിത്രം സൃഷ്ടിക്കാം-ഒരു മഹാനു മാത്രമേ അത് എഴുതി ജനങ്ങളിലേക്ക് എത്തിക്കാനാവൂ'-ഓസ്‌ക്കാര്‍ വൈല്‍ഡ് ആണിത് പറഞ്ഞത്. എന്‍ഡോസാള്‍ഫാന്‍ എന്ന ദുരിതകഥ അധികാര കേന്ദ്രങ്ങളിലും നീതി പീഠങ്ങള്‍ക്ക് മുന്നിലുമെത്തിച്ച എം.എ റഹ്‌മാന്‍ ഉദുമയിലെ 'മൂല'യില്‍ അക്ഷരങ്ങളുടെ ലോകത്ത് ഒതുങ്ങി കഴിയുകയാണ്. അതിനിടെയാണ് പുരസ്‌കാര വാര്‍ത്ത 'ഇസാസി'ല്‍ എത്തുന്നത്.
ചതയ ദിനത്തോടനുബന്ധിച്ച് ഇത്തവണ പാലക്കുന്ന് വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച ശ്രീനാരായണഗുരു സ്മരണ പുതുക്കാനുള്ള യോഗത്തില്‍, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാര ജേതാവായ പ്രൊഫ. എം.എ. റഹ്‌മാനെ ആദരിക്കാനും അനുമോദിക്കാനും തീരുമാനിക്കുകയുണ്ടായി. പുരസ്‌കാരലബ്ധിയുടെ പേരില്‍ അദ്ദേഹത്തെ ആദരിക്കാനുള്ള ആദ്യ അവസരം പാഴാക്കാതെ, അത് വിദ്യാഭ്യാസ സമിതിയുടെ പേരിലാവട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. സമിതിയുടെ മിക്ക സാംസ്‌കാരിക പരിപാടികളിലും റഹ്‌മാന്‍ മാഷ് സ്ഥിരം ക്ഷണിതാവാണ്. അദ്ദേഹത്തിന്റെ മനോഗതി എന്താണെന്നറിയാനുള്ള ദൗത്യം സമിതി എന്നെ ഏല്‍പിച്ചു. മിക്കവാറും ദിവസങ്ങളില്‍ ഫോണിലൂടെ ഞങ്ങള്‍ സൗഹൃദം പുതുക്കാറുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പാലക്കുന്ന് വിദ്യാഭ്യാസ സമിതി അദ്ദേഹത്തെ ഉദുമ മൂലയിലെ 'ഇസാസി'ല്‍ ചെന്ന് ആദരിച്ചു.
എഴുതിയ പുസ്തകങ്ങളില്‍ ചിലത് പുറത്തെ മേശപ്പുറത്ത് അലസമായി കിടക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് വിവിധ ഘട്ടങ്ങളില്‍ എഴുതേണ്ടി വന്ന പുസ്തകങ്ങളായിരുന്നു ഏറെയും. ഒട്ടനേകം രചനകള്‍ അദ്ദേഹം ഇക്കാലയളവില്‍ എഴുതിയിട്ടുണ്ട്. കാസര്‍കോട്ടെ ജനങ്ങളുടെ പേക്കിനാവുകള്‍ അവര്‍ കാണും മുന്‍പേ ജനസമക്ഷം കാണിച്ചു തന്ന എഴുത്തുകാരന്‍. അവരുടെ കരുവാളിക്കുന്ന സ്വപ്നങ്ങള്‍ സ്വന്തം തൂലികയിലൂടെ പുറം ലോകത്തെത്തിച്ച റഹ്‌മാന്‍ മാഷ് അവരുടെ ദുരിതങ്ങള്‍ കേരളത്തിന്റെ പ്രമുഖ മാധ്യമങ്ങളിലൂടെ നീതി പീഠങ്ങളുടെ മുന്നിലും എത്തിച്ചു.
ലോക മനസാക്ഷിയെ തൊട്ടുണര്‍ത്തിയ എന്‍ഡോസള്‍ഫാന്‍ ദുരിതം കൃത്യമായി അദ്ദേഹം ലോകത്തെ അറിയിച്ചു.

സ്വന്തം തട്ടകത്തെ സ്പര്‍ശിക്കുന്ന സാമുഹിക-സമുദായിക വിഷയങ്ങളില്‍ സാധാരണക്കാരന് വായിക്കാന്‍ പറ്റും വിധം നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും ഒരേകണ്ണിയിലെ അംഗങ്ങളാണെന്ന് വിവിധ രചനകളിലൂടെ അദ്ദേഹം വിളിച്ചു പറഞ്ഞു. 1990കളിലാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം തുടങ്ങുന്നത്. ആ പോരാട്ട വീര്യത്തിലൂടെ എം.എ. റഹ്‌മാന്റെ മറ്റൊരു മുഖമാണ് നമ്മള്‍ കാണുന്നത്. ആ നാള്‍വഴികളിലൂടെയുള്ള പ്രയാണത്തിന്റെ അനുഭവ സാക്ഷ്യമാണ് 'ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ പുസ്തകം. 2016ല്‍ റഹ്‌മാന് 'ഓടക്കുഴല്‍ അവാര്‍ഡ്' കിട്ടാന്‍ നിമിത്തമായത് ഈ പുസ്തകമാണ്. അധ്യാപന ജോലിയില്‍ തുടരവെ മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന സ്ഥലത്ത് താമസിച്ചിരുന്ന കാലത്താണ് ചാലിയാര്‍ സമരത്തില്‍ അദ്ദേഹവും അധ്യാപികയായ ഭാര്യ ഡോ. സാഹിറയും അതിന്റെ ഭാഗമാകുന്നത്. 'ചാലിയാര്‍ അതിജീവന പാഠങ്ങള്‍' എന്ന പുസ്തകം എഴുതിയത് ആ അനുഭവങ്ങളിലൂടെയായിരുന്നു.
പ്രവാസിയുടെ യുദ്ധങ്ങള്‍
പിന്നീട് അധ്യാപകനായി ഖത്തറില്‍ പോയി. അവിടെ ജോലിയില്‍ തുടരവെയാണ് കുവൈറ്റ് -ഇറാഖ് യുദ്ധം ആരംഭിക്കുന്നത്. പ്രവാസ ജീവിതത്തിന്റെ കയ്പ്പും പുളിയും എരിവുമെല്ലാം ഒരേ രസക്കൂട്ടില്‍ ഒന്നിച്ചനുഭവിച്ച നാളുകള്‍ അദ്ദേഹം വിവരിക്കുമ്പോള്‍ ആ വരികള്‍ക്കിടയില്‍ നിന്ന് അദ്ദേഹം പറയാതെ പറയുന്ന ചിലത് വായിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു. രണ്ട് ഭാഗവും അടഞ്ഞ കുഴല്‍ പോലെ അനുഭവിച്ച ജീവിതം. ഒരു ഡയറിയില്‍ അതെല്ലാം അന്ന് കുറിച്ചിട്ടു. ആ പകര്‍പ്പെഴുത്തായിരുന്നു പിന്നീട് പ്രസിദ്ധീകരിച്ച 'പ്രവാസിയുടെ യുദ്ധങ്ങള്‍'.
സ്വപ്‌നം പോലും അന്യമായ എന്‍ഡോ സള്‍ഫാന്‍ ബാധിതര്‍
സ്വപ്‌നം പോലും അന്യമായ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കണ്ണീരുപ്പുകള്‍ ജില്ലാ ആസ്ഥാനത്തെ സമരപ്പന്തലിലും ടൗണിലെ ഒപ്പുമര ചുവട്ടിലും നാം കണ്ടതാണ്. അവിടെയൊക്കെ എം. എ. റഹ്‌മാന്‍ ഓടിനടന്നത് നമ്മളാരും മറന്നു കാണില്ല. മനസ്സും ചിന്തയും വ്യാപരിക്കുന്ന ജീവിതപാതയില്‍ നിറയെ വിഷവിത്ത് പാകിയ എന്‍ഡോസള്‍ഫാന്‍ ദുരിത
കാഴ്ചകള്‍ റഹ്‌മാന്‍ മാഷെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ആ വിഷയവുമായി സ്വരുകൂട്ടി വെച്ചതെല്ലാം ചെറു ലേഖനകളിലൂടെ അദ്ദേഹം വായനക്കാരിലെത്തിച്ചു. 'ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന പുസ്തകത്തിന്റെ റോയല്‍റ്റി തുകപോലും മുഴുവനായി എന്‍ഡോസള്‍ഫാന്‍ ദുരിതഹാധിതരുടെ സമാശ്വാസത്തിന് നല്‍കി. വികാരവിചാര വേദനകള്‍ ആഴത്തിലും അര്‍ത്ഥത്തിലും അനുഭവിക്കുന്ന കാസര്‍കോട്ടെ എന്‍ഡോസഫാന്‍ ദുരിതരുടെ യഥാര്‍ത്ഥ കഥകള്‍ അധികാരിവര്‍ഗത്തിന്റെ മുന്നിലെത്തിക്കാന്‍ അദ്ദേഹം പെടാപാട് പെട്ടു. ആ നാള്‍വഴികള്‍ കാലത്തിന് പോലും മായ്ച്ച്കളയാനാവാത്ത ചുമരെഴുത്തുകളായിരിക്കും.
ബഹുമുഖ പ്രതിഭ
കോളേജധ്യാപകന്‍, കഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, ഡോക്യുമെന്ററി സംവിധായകന്‍, ഫോട്ടോഗ്രാഫര്‍, തിരക്കഥാകൃത്ത് തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ പേരെടുത്ത വ്യക്തിത്വമാണ് പ്രൊഫ. എം.എ റഹ്‌മാന്‍.
ഡോക്യുമെന്ററികളിലൂടെ മനുഷ്യന്റെ അതിജീവനത്തെ ആവിഷ്‌ക്കരിച്ചു. ബഷീര്‍ എന്ന മനുഷ്യനും മൊഗ്രാലിലെ പാട്ടുകൂട്ടവും, എന്‍ഡോസള്‍ഫാന്‍ അതിജീവന സമരവും അതില്‍ പ്രമേയങ്ങളായി. പന്ത്രണ്ടോളം ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തു. വടക്കന്‍ കേരളത്തിന്റെ ബഹുസ്വര പാരമ്പര്യത്തെയും സാംസ്‌കാരിക പൈതൃകത്തെയും അതിലൂടെ ജനങ്ങളിലെത്തിച്ചു. ബഷീര്‍ ദ മാന്‍ എന്ന ഡോക്യുമെന്ററിക്ക് സംസ്ഥാന അവാര്‍ഡിന് പുറമെ 1987ല്‍ ദേശീയ അവാര്‍ഡും കിട്ടി. കോവിലന്‍ എന്റെ അച്ചാച്ചന്‍ എന്ന ഹ്രസ്വ ചിത്രത്തിന് 2006ല്‍ സംസ്ഥാന അവാര്‍ഡും നേടി. തള, മഹല്ല്, മൂന്നാം വരവ്, കുലചിഹ്നം, ദലാല്‍ സ്ട്രീറ്റ്, കടല്‍ കൊണ്ടുപോയ തട്ടാന്‍, വിദ്യൂച്ഛക്തി എന്റെ രചന ആടും മനുഷ്യരും തുടങ്ങിയവയാണ് അദ്ദേഹം രചിച്ച മറ്റു പുസ്തകങ്ങളില്‍ ചിലത്.
ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍ ഒട്ടേറെയാണ്. ഇംഗ്ലീഷില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
കോളേജ് അധ്യാപികയായി റിട്ടയര്‍ ചെയ്ത ഡോ. സാഹിറയാണ് ഭാര്യ. ഈസ ഏക മകന്‍. ഉദുമ മൂലയില്‍ 'ഇസാസി'ലാണ് താമസം.

Related Articles
Next Story
Share it