മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ പത്തുവയസുകാരന് അടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കനാലില്‍ മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മെഹതാബ് (10), അനിഷാ ബീഗം (34), തസ്മിയ (22), അഷ്റക് (28), അഫീഖ (22) എന്നിവരാണ് മരിച്ചത്. പെരുന്നാളിന് അവധിക്ക് ബംഗളൂരുവില്‍ നിന്ന് മുത്തശ്ശിയുടെ വീട്ടിലേക്ക് വന്നവരാണ് ഇവരെല്ലാം. കനാലില്‍ നീന്തുന്നതിനിടെ ഇവരെല്ലാം ഒഴുക്കില്‍ പെടുകയായിരുന്നു.
ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൂന്ന് മൃതദേഹങ്ങള്‍ കനാലില്‍ നിന്ന് പുറത്തെടുത്തു. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മാണ്ഡ്യ ബസറലു പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ദൊഡ്ഡകോട്ടഗെരെ ഗ്രാമത്തിനടുത്തുള്ള വിശ്വേശ്വരയ്യ കനാലില്‍ നീന്തുന്നതിനിടെയാണ് അഞ്ചുപേരും ഒഴുക്കില്‍ പെട്ടത്.