കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് വന്‍ തീപിടിത്തം. വാഹനങ്ങളില്‍ സ്ഥാപിക്കുന്ന അധിക സാധനങ്ങളും സ്പെയര്‍ പാര്‍ട്സും അലങ്കാര വിളക്കകളും വില്‍ക്കുന്ന നോര്‍ത്ത് കോട്ടച്ചേരിയിലെ ട്രാക്ക് കൂള്‍ എന്ന സ്ഥാപനത്തിലാണ് തീ പിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. സാധനങ്ങള്‍ സൂക്ഷിച്ച കെട്ടിടത്തിലെ ഒന്നാം നിലയിലെ മുറിയിലാണ് തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പത്രവിതരണം നടത്തുകയായിരുന്ന യുവാവാണ് കടയില്‍ നിന്നു തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിച്ചതോടെ സ്റ്റേഷന് ഓഫീസര്‍ കെ.വി. പ്രഭാകരന്റെ നേതൃത്വത്തില്‍ മിനുറ്റുകള്‍ക്കകം ആദ്യ വാഹനമെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. അതിനിടെ കടയുടെ മുന്‍ഭാഗത്തെ ഗ്ലാസ് ശക്തിയായി പൊട്ടിതെറിച്ചതോടെ തീയും പുകയും കൊണ്ട് പ്രദേശമാകെ മൂടി. അതിനിടെ കാസര്‍കോട് നിലയത്തില്‍ നിന്നു പന്ത്രണ്ടായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന വലിയ വാഹനമടക്കം രണ്ടു യൂണിറ്റും തൃക്കരിപ്പൂര്‍ നിലയത്തില്‍ നിന്ന് ഒരു വാഹനവുമെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. കാഞ്ഞങ്ങാട്ടു നിന്നും കൂടുതല്‍ വാഹനങ്ങളെത്തി. സമീപ കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനും സേന ശ്രദ്ധിച്ചു. മുപ്പതോളം അഗ്നിരക്ഷാസേന ഓഫീസര്‍മാരും സിവില്‍ ഡിഫന്‍സ് അംഗങ്ങളും പൊലീസും നാട്ടുകാരും ചേര്‍ന്ന് രാവിലെ എട്ടരയോടെ അത്യധ്വാനം ചെയ്തതാണ് തീ പൂര്‍ണ്ണമായും അണക്കാനായത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍ ലതീഷ് കയ്യുരിനു കുപ്പിചില്ലു കൊണ്ടും സിവില്‍ ഡിഫന്‍സ് അംഗം രതീഷ് കുശാല്‍ നഗറിനു തകര ഷിറ്റു കൊണ്ടും കൈകള്‍ക്ക് മുറിവേറ്റു. ഇവര്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി. കടയുടെ പിന്നില്‍ കൂട്ടിയിട്ട മാലിന്യത്തിനു കഴിഞ്ഞ ദിവസം തീയിട്ടിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നതെന്നാണ് സംശയിക്കുന്നത്. ചിത്താരി സ്വദേശി ഫൈസലിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.